വ്യാപക വിമര്‍ശനമാണ് നെയ്മര്‍ക്കെതിരെ ഉയരുന്നത്

മോസ്കോ: വമ്പന്മാര്‍ പലരും ലോകകപ്പിലെ കളി മതിയാക്കി നാട് പിടിച്ചപ്പോള്‍ ഫേവറിറ്റുകളായി എത്തി ക്വാര്‍ട്ടറിലേക്ക് മിന്നുന്ന പ്രകടനവുമായി മുന്നേറിയിരിക്കുകയാണ് ബ്രസീല്‍. ഗ്രൂപ്പ് റൗണ്ടില്‍ അല്‍പം നിറം മങ്ങിയെങ്കിലും ഗോളടിച്ചും വഴിയൊരുക്കിയും മികച്ച പ്രകടനമാണ് സൂപ്പര്‍ താരം നെയ്മര്‍ പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയ്ക്കെതിരെ പുറത്തെടുത്തത്. പക്ഷേ, അപ്പോഴും അനാവശ്യമായി വീഴുന്നവനെന്നും ഫൗളുകളില്‍ അമിതാഭിനയം കാണിക്കുന്നവനെന്നും നെയ്മര്‍ക്ക് പേര് വീണ് കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് ജര്‍മനിയുടെ ഇതിഹാസ താരം ലോതര്‍ മത്തേയൂസ്. നെയ്മര്‍ ലോകോത്തര താരമാണെന്നും പക്ഷേ, ഫൗള്‍ ചെയ്യപ്പെടുമ്പോള്‍ അതിനെ വലുതാക്കി കാണിക്കേണ്ട കാര്യമില്ലെന്നുമാണ് മത്തേയൂസ് പറയുന്നത്. അഭിനയം ഒരു തരത്തിലുള്ള സഹതാപവും നേടി തരില്ല. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാള്‍ക്ക് എന്തിനാണ് അഭിനയം ആവശ്യമുള്ളതെന്നാണ് മനസിലാകാത്ത കാര്യം.

മറഡോണയോ മെസിയോ ഒന്നും അഭിനയിച്ച് കണ്ടിട്ടില്ല. നെയ്മറിനെ പോലെയുള്ള താരങ്ങളുണ്ടാകണം. പക്ഷേ അഭിനയമല്ല വേണ്ടതെന്നും മത്തേയൂസ് പറഞ്ഞു. മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഫൗളുകള്‍ വരുമ്പോഴുള്ള നെയ്മറിന്‍റെ കാണിച്ചു കൂട്ടലുകള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഫുട്ബോള്‍ ലോകത്ത് ഉയരുന്നത്. ഇതിനു പിന്നാലെ ജര്‍മന്‍ ഇതിഹാസവും ഉപദേശവുമായി എത്തിയിരിക്കുന്നത്.