തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ സുബ്ഹാനിക്ക് കുടുംബ വിഹിതമായി കിട്ടിയ തറവാട് വീട്ടിലും കടമുറിയിലുമാണ് എന്‍ഐഎ സംഘം തെളിവെടുപ്പു നടത്തിയത്. സഹോദരനില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞ എന്‍ ഐ എ സംഘം സുബ്ഹാനിയുടെ പെട്ടികളും അലമാരകളുമൊക്കെ തുറന്നു പരിശോധിച്ചു. ഐഎസുമായി ബന്ധപ്പെട്ടുളള രേഖകളും പണവുമൊക്കെയായിരുന്നു തിരഞ്ഞത്. അയല്‍വാസികളില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞ എന്‍ഐഎ സംഘം രണ്ടുമണിക്കൂറുകള്‍ കൊണ്ടാണ് തെളിവെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കിയത്. നാല്‍പതു വര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍ നിന്നെത്തിയ കാജാ മൊയ്തീന്റെ ഇളയ മകനാണ് സുബ്ഹാനി. പിതാവിന്റെ വ്യാപാര സ്ഥാപനത്തിന് ഒപ്പമുളള കടമുറിയാണ് സുബ്ഹാനിക്കു വീതമായ് കൊടുത്തിരുന്നത്. പക്ഷെ മൂന്നര വര്‍ഷം മുമ്പ് കടയും വീടും വിട്ട് തമിഴ്‌നാട്ടിലേക്ക് പോയ സുബ്ഹാനിയുടെ പ്രവര്‍ത്തനങ്ങളെക്കൊന്നും അറിയില്ലായിരുന്നെന്നാണ് സഹോദരങ്ങളും അയല്‍ക്കാരും മൊഴി നല്‍കിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി എന്‍.ഐ.എ സംഘം മടങ്ങുമ്പോള്‍ സുബ്ഹാനിയുടെ രാജ്യദ്രോഹ നിലപാടുകള്‍ക്കെതിരേ ബി ജെ പി പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിക്കുകയും ചെയ്തു.