ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് തിരിച്ച 4, 2 ബസ്സുകളിലെ സിആര്‍പിഎഫ് ജവാന്‍മാരാണ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാവുന്ന മൊഴികൾ നല്‍കിയിരിക്കുന്നത്. 

ശ്രീനഗർ: പുല്‍വാമ ഭീകരാക്രമണത്തിനായി തൊട്ടു മുമ്പായി മാരുതി ഇക്കോ കാറില്‍ ചാവേറായ ജയ്ഷ് ഇ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധർ വരുന്നത് കണ്ടതായി സിആര്‍എപിഎഫ് ജവാന്‍മാരുടെ മൊഴി. ഈ കാറിന്‍റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഗുഡ്ഗാവിലെ മാരുതി സുസുക്കിയുടെ ഫാക്ടറിയില്‍ പരിശോധന നടത്തി.

പുല്‍വാമ മോഡലില്‍ ആക്രമണം നടത്താൻ സ്ഫോടക വസ്തുക്കൾ നിറച്ച കൂടുതൽ വാഹനങ്ങള് തയ്യാറാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് തിരിച്ചത് 78 ബസുകളിലായി 2500 സൈനികര്‍. ഇവരില്‍ 4, 2 ബസ്സുകളിലെ സിആര്‍പിഎഫ് ജവാന്‍മാരാണ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാവുന്ന മൊഴികൾ നല്‍കിയിരിക്കുന്നത്.

സര്‍വീസ് റോഡില്‍ നിന്ന് ചുവന്ന മാരുതി ഇക്കോ കാര്‍ ബസ്സുകളുടെ സമീപത്തേക്ക് വരുന്നത് കണ്ടു. ദേശീയപാതയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ തൊട്ടുപിന്നാലെ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് സൈനികരുടെ മൊഴി.

സംഭവസഥലത്ത് നിന്ന് ഇക്കോ കാറിന്‍റെ ബമ്പർ കഴിഞ്ഞ ദിവസം ഫോറന്‍സിക് വിദഗ്‍ധർ കണ്ടെത്തിയിരുന്നു. ഇതോടെ ഈ കാറിന്‍റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ ഉദ്യോഗസ്ഥർ. ഇതിന്‍റെ ഭാഗമായി മാരുതി സുസുക്കിയുടെ ഗുഡ്‍ഗാവിലെ ഫാക്ടറിയില്‍ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ ഖാസി റഷീദാണ് സ്ഫോടക വസ്തുക്കള്‍ കാറില്‍ തയ്യാറാക്കിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് നിര്‍മാണത്തിൽ വിദഗ്‍ധനായ ഖാസി റഷീദ് ഇതിനായി മാത്രം പാകിസ്ഥാനിൽ നിന്ന് പുൽവാമയിൽ എത്തിയെന്നാണ് നിഗമനം. ഇത്രയധികം സ്ഫോടക വസ്തുക്കള്‍ ശേഖരിക്കാനും ബോംബുണ്ടാക്കാനും ഏറെ സമയം എടുക്കും.

ഈ സാഹചര്യത്തില്‍ കൂടുതല്‍ വാഹനങ്ങളില്‍ ബോംബ് സജ്ജീകരിച്ചിരിക്കാനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. പുല്‍വാമ മോഡലില്‍ അക്രമം നടത്താനായി ജയ്ഷെ മുഹമ്മദ് സമീപിച്ചിരുന്നതായി അർജു ബഷാര്‍ എന്ന യുവാവ് 2017-ല്‍ പൊലീസിനെ അറിയിച്ചിരുന്നു.അര്‍ജു ബഷാറിനെ ഇപ്പോൾ എൻഐഎ ചോദ്യം ചെയ്യുകയാണ്. ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലും ഇതേ സംഘം തന്നെയാണോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.