കുപ്പുദേവരാജിനും, അജിതക്കുംനേരെ മൃഗീയമായ ആക്രമണമാണ് നടന്നതെന്ന് വ്യക്തമാക്കും വിധമുള്ള വിവരങ്ങളാണ് മൃതദേഹ പരിശോധനയിലും പോസ്റ്റ്മോര്‍ട്ടത്തിലൂടെയും പുറത്ത് വരുന്നത്. കുപ്പുദേവരാജന്‍റെ ശരീരത്തില്‍ മൂന്നിടങ്ങളിലും അജിതയുടെ ശരീരത്ത് രണ്ടിടങ്ങളിലും വെടിയേറ്റിട്ടുണ്ടെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ തുരുതുരെ വെടിയേറ്റതിന്‍റെ അടയാളങ്ങളാണ് ഇരുവരുടെയും ശരീരത്തിലുള്ളത്.
ഏറ്റവുമധികം വെടിയേറ്റിരിക്കുന്നത് അജിതക്കാണ്.19 മുറിപ്പാടുകള്‍ അജിതയുടെ ശരീരത്തില്‍ ഉണ്ടെന്നാണ് വിവരം. 6 വെടിയുണ്ടകള്‍ ശരീരത്തില്‍ നിന്ന് കിട്ടി.13 വെടിയുണ്ടകള്‍ ശരീരം തുളച്ച് പുറത്ത് പോയി. അജിതയുടെ നെഞ്ചി്ലാണ് ഏറ്റവും കൂടുതല്‍ മുറിവുകളുള്ളത്.മെഷീന്‍ ഗണ്ണില്‍ നിന്നാകാം ഇത്തരത്തില്‍ വെടിയേറ്റതെന്ന നിഗമനത്തിലാണ് പരിശോധനാസംഘം.
എക്സ്റേ പരിശോധനയിലടെ കുപ്പു ദേവരാജിന്‍റെ ശരീരത്തില്‍ 11 വെടിയുണ്ടകള്‍ കണ്ടെത്തി. വൃഷ്ണം ചിതറിയ നിലയിലാണ്.15 ഇടങ്ങളില്‍ മുറിവേറ്റതായാണ് വ്യക്തമായിരിക്കുന്നത്. ആന്തരികാവയവങ്ങള്‍ക്കെല്ലാം മാരകമായി മുറിവേറ്റിട്ടുണ്ട്.അഞ്ചരമണിക്കൂറോളം നീണ്ട പോസ്ററ്മോര്‍ട്ടത്തിന് ശേഷം കുപ്പുദേവരാജന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാമെന്ന് പോലീസ് അറിയിച്ചെങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി 72 മണിക്കൂര്‍ നേരം കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ സൂക്ഷിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അജിതയുടെ ബന്ധുക്കള്‍ എത്തിയിരുന്നില്ല.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് കുപ്പുദേവരാജിന്‍റെ ബന്ധുക്കളും മനുഷ്യാവകാശ സംഘടനാ നേതാക്കളും നേരത്തെ അറിയിച്ചിരുന്നു. പോസ്റ്റ്മോര്ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇതിനുള്ള നീക്കങ്ങള്‍ നടത്തുക.
