ആരും സംസാരിക്കുന്നില്ല. വഴിമാറിപ്പോവുകയോ കുട കൊണ്ട് മുഖം മറയ്ക്കുകയോ ചെയ്യുന്ന സ്ഥിതിയാണെന്നാണ് ആരോപണം

കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റവരെ അടക്കം ചെയ്ത ശ്മശാന തൊഴിലാളിക്കും കുടുംബത്തിനുമെതിരെ സാമൂഹ്യ ബഹിഷ്കരണമെന്ന് പരാതി. കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാന തൊഴിലാളിയായ അജിത്കുമാറും കുടുംബവുമാണ് പരാതിക്കാർ, അതേസമയം ഇദ്ദേഹം സംസ്കാര ചടങ്ങിൽ നേരിട്ട് പങ്കെടുത്തിട്ടില്ല എന്നും ബഹിഷ്കരണം ഇല്ലെന്നുമാണ് കോർപ്പറേഷന്‍റെയും ശ്മശാന കമ്മറ്റിയുടെയും വിശദീകരണം.

വൈറസ് ബാധയേറ്റ് മരിച്ച ലിനി സിസ്റ്ററിന്‍റെ ശവശരീരം അടക്കം ചെയ്തതിന് ശേഷമാണ് അജിത്കുമാറിന്‍റെ വീട്ടിലേക്ക് അയൽക്കാർ തിരിഞ്ഞ് നോക്കാതായത്. അജിത്തും ഭാര്യയും നിരീക്ഷണത്തിലാണെന്നും പനി ഉണ്ടെന്നും നാട്ടിൽ പ്രചരിച്ചു. മതിലിന് അപ്പുറത്ത് നിന്ന് പോലും ആരും സംസാരിക്കുന്നില്ല. വഴിമാറിപ്പോവുകയോ കുട കൊണ്ട് മുഖം മറയ്ക്കുകയോ ചെയ്യുന്ന സ്ഥിതിയാണെന്നാണ് ആരോപണം.

അതേസമയം മതിയായ സംരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇദ്ദേഹം നേരിട്ട് സംസ്കാര ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. സാമൂഹ്യ ബഹിഷ്കരണം ഇല്ലെന്ന് ശ്മശാന കമ്മറ്റി അധികൃതർ പറഞ്ഞു. എന്നാൽ തൊഴിലാളികൾക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്ന് ഇവർ ആവശ്യപ്പെട്ടു.