ഡോക്ടര്‍മാർ ഉള്‍പ്പെടെ 150 ജീവനക്കാരുളള വടകര ആശുപത്രിയില്‍ ആകെയെത്തിയത് 50 മാസ്കുകൾ മാത്രം.
കോഴിക്കോട്: നിപാ വൈറസ് ആശങ്ക തുടരുമ്പോഴും കോഴിക്കോട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ജീവനക്കാർ ജോലി ചെയ്യുന്നത് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ. നിലവാരമുളള മാസ്ക് പോലുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതിൽ ജീവനക്കാര് കടുത്ത പ്രതിഷേധത്തിലാണ്.
നിപാ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ പതിനായിരത്തോളം എൻ 95 മാസ്ക്കുകകൾ വിതരണം ചെയ്യുമെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം. പ്രഖ്യാപനം കഴിഞ്ഞ് നാലു ദിവസം പിന്നിടുമ്പോൾ വടകര ജില്ലാ ആശുപത്രിയിലെ കാഴ്ച ദയനീയമാണ്. വൈറസ് ബാധ സംശയിച്ച് നിരവധി രോഗികളെത്തുമ്പോഴും കാര്യങ്ങള്ക്ക് മാറ്റമില്ല. മരണനിരക്ക് ഏറ്റവും ഉയര്ന്ന വൈറസായതിനാൽ നിപയെ പ്രതിരോധിക്കാന് രോഗികളെ ചികില്സിക്കുന്നവരും പരിചരിക്കുന്നവരും എൻ 95 മാസ്ക്ക് ധരിക്കേണ്ടതുണ്ട്.
എന്നാല് ഡോക്ടര്മാർ ഉള്പ്പെടെ 150 ജീവനക്കാരുളള വടകര ആശുപത്രിയില് ആകെയെത്തിയത് 50 മാസ്കുകൾ മാത്രം. ഹാൻഡ് റബ്ബ് ഉള്പ്പെടെയുളള പ്രൊട്ടക്ക്ഷൻ കിറ്റുകളും ആവശ്യത്തിനില്ല. രോഗം സ്ഥിരീകരിച്ച പേരമ്പ്രയില്നിന്ന് നിരവധി രോഗികളെത്തുന്ന ആശുപത്രിയാണിത്. ഐസൊലേഷന് വാര്ഡ് ഇല്ലാത്തതിനാൽ എല്ലാ രോഗികളെയും ഒരുമിച്ച് പരിശോധിക്കേണ്ടി വരുമ്പോൾ സുരക്ഷാ സംവിധാനങ്ങളില്ലെങ്കിൽ രോഗവ്യാപന സാധ്യത കൂടുതലാണ്.
മാസ്ക് പോലുമില്ലാതെ ജോലി ചെയ്യാനാകില്ലെന്ന് വടകര ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാർ ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രി ഉള്പ്പെടെ ജില്ലയിലെ മറ്റ് ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്തമല്ല. എന്നാൽ ഇതിനിടെയിലും പ്രതിസന്ധികളില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.
