വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍കുറവ്
വയനാട്: നിപ വൈറസ് ബാധയെ തുടര്ന്ന് നിരവധി പേര് മരിച്ചതോടെ കേരളത്തിലേക്കുള്ള യാത്ര വിനോദ സഞ്ചാരികള് ഒഴിവാക്കുന്നു. പ്രത്യേകിച്ചും കര്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില് നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില് വന്കുറവ് വന്നതായി സ്വകാര്യ ടൂര്ഓപ്പറേറ്റര്മാര് പറയുന്നു. മധ്യവേനലവധിക്ക് കേരളത്തിലേക്കുള്ള സന്ദര്ശനത്തിന്റെ ഭാഗമായി ഈ രണ്ട് സംസ്ഥാനങ്ങളില് നിന്നുമുള്ള സഞ്ചാരികള് വയനാട്ടിലേക്കാണ് ആദ്യമെത്തുക.
എന്നാല് നിപ വൈറസ് ബാധ വാര്ത്തകളെ തുടര്ന്ന് വയനാട് സന്ദര്ശിക്കാന് പോലും ആരും തയ്യാറാകുന്നില്ലെന്നാണ് ടൂറിസം രംഗത്ത് പ്രവര്ത്തിക്കുന്നവര് പറയുന്നത്. ഇതിന് പുറമെ കര്ണാടക, തമിഴ്നാട് സര്ക്കാരുകള് തന്നെ നിപ വൈറസ് ബാധയുള്ള ഇടങ്ങളിലേക്ക് യാത്ര നിരുത്സാഹപ്പെടുത്തുന്നുണ്ട്. നിരവധി സംഘങ്ങള് വയനാട്ടിലെ ഹോംസ്റ്റേകളും റിസോര്ട്ടുകളും ബുക്ക് ചെയ്തിരുന്നു. എന്നാല് ഇവയെല്ലാം ഇപ്പോള് ക്യാന്സല് ചെയ്തിരിക്കുകയാണ്. സാധാരണയായി ഈ മാസം അവസനാം ജില്ലയിലെത്തുന്ന ഇതരസംസ്ഥാന സഞ്ചാരികളുടെ എണ്ണം വര്ധിക്കാറുണ്ട്.
ഊട്ടി പുഷ്പമേളയോടനുബന്ധിച്ച് കേരള സന്ദശനം പ്ലാന് ചെയ്തിരുന്ന ഉത്തരേന്ത്യന് സംഘങ്ങളും വയനാടിനെ ഒഴിവാക്കി മടങ്ങി. മധ്യവേനലവധിയുടെ അവസാന ആഴ്ചയില് തെക്കന് ജില്ലകളില് നിന്ന് വയനാട്ടിലേക്ക് എത്തേണ്ട സംഘങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില് മരണം റിപ്പോര്ട്ട് ചെയ്തതോടെ യാത്ര ഒഴിവാക്കി. സഞ്ചാരികള് യാത്ര റദ്ദാക്കിയോടെ ടൂര്ഓപ്പറേറ്റര്മാര്ക്ക് മുറികളും റിസോര്ട്ടുകളും ബുക്ക് ചെയ്ത വകയില് വന്സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്. തൊട്ടടുത്ത ആഴ്ച തന്നെ അധ്യായന വര്ഷം ആരംഭിക്കുമെന്നതിനാല് ആഭ്യന്തര ടൂറിസം മേഖല തന്നെ നിശ്ചലമാകും.
