നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ 2 പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട്: നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ 2 പേരെ കൂടി കോഴിക്കോട് മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച പാലാഴി സ്വദേശിയുടെ ബന്ധുക്കളാണിവര്. ഇതോടെ നിപ വൈറസ് ബാധിതരുടെ എണ്ണം 13 ആയി. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. അതേസമയം, കേന്ദ്രസംഘങ്ങളുടെ പരിശോധന ഇന്നും തുടരും.
കോഴിക്കോട് ജില്ലയിലെ ഏഴ് പേരുടെയും മലപ്പുറത്തെ മൂന്ന് പേരുടെയും മരണകാരണം നിപ വൈറസ് തന്നെ. മരിച്ച കോഴിക്കോട് ചങ്ങരോത്ത് സ്വദേശികളായ സാലിഹ്, മറിയം, കൂട്ടാലിട സ്വദേശി ഇസ്മയില്, പേരാമ്പ്ര സ്വദേശി ജാനകി, ചെമ്പനോട സ്വദേശിയായ നഴ്സ് ലിനി, കൂരാച്ചുണ്ട് സ്വദേശി രാജന്, നാദാപുരം ചെക്യാട് സ്വദേശി അശോകന് , മലപ്പുറം കൊളത്തൂര് സ്വദേശി വേലായുധന് തിരൂരങ്ങാടി സ്വദേശികളായ സിന്ധു, ഷിജിത എന്നിവരുടെ രക്തസാംപിളുകളില് നിപ വൈറസ് സാന്നിധ്യം കണ്ടെത്തി.
അതേസമയം, കോഴിക്കോട് ചങ്ങരോത്ത് നിപ ബാധിച്ച് മരിച്ച സഹോദരങ്ങളുടെ വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത് ഷഡ്പദങ്ങളെ മാത്രം കഴിക്കുന്ന വവ്വാലുകളെയാണെന്ന് കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്. ഇത്തരം വവ്വാലുകളില് വൈറസ് കാണാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണറുടെ നേതൃത്വത്തില് കോഴിക്കോട്ട് അവലോകന യോഗം ചേര്ന്നു.
ആദ്യ നിപ മരണങ്ങള് റിപ്പോര്ട്ട് ചെയ്ത ചങ്ങരോത്ത്, കേന്ദ്രമൃഗ സംരക്ഷണ കമ്മീഷണര് ഡോ. എസ്.എച്ച് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സഹോദരങ്ങള് മരിച്ച വീട്ടിലെ കിണറില് നിന്ന് വവ്വാലുകളെ പിടികൂടി സാമ്പിളുകള് പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. കുടുംബം വൃത്തിയാക്കാന് ഇറങ്ങിയ കിണറില് നിന്ന് കണ്ടെത്തിയ വവ്വാല് വേറെ വിഭാഗത്തില് പെട്ടതാണ്. ഷഡ്പദങ്ങളെ ഭക്ഷിക്കുന്നവയാണിവ.
