കേരളത്തിലേക്കുള്ള വരവ് നിയന്ത്രിക്കണമെന്ന് നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നു .
കോഴിക്കോട്: പുതിയ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്ര നിയന്ത്രണം പിൻവലിച്ചു . കേരളത്തിലേക്കുള്ള വരവ് നിയന്ത്രിക്കണമെന്ന് നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നു .
നിപ വൈറസ് നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി തന്നെ അറിയിച്ചു. കോഴിക്കോട്ടെ സ്കൂളുകൾ മറ്റന്നാൾ തന്നെ തുറക്കും. നിരീക്ഷണവും ജാഗ്രതയും ഈ മാസം കൂടി തുടരാനും കോഴിക്കോട് ചേർന്ന സർവ്വകക്ഷിയോഗത്തിൽ തീരുമാനമായി. പൊതുപരിപാടികൾക്കുള്ള നിയന്ത്രണം തൽക്കാലം തുടരുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, നിപയെ അതിജീവിച്ച നഴ്സിങ് വിദ്യാര്‍ത്ഥിനി അജന്യയും ആശുപത്രി വിട്ടു. കൊയിലാണ്ടി സ്വദേശിനിയാണ് അജന്യ. സുഖം പ്രാപിച്ച ഉബീഷിനെ 14 ന് ഡിസ്ചാർജ് ചെയ്യും. തുടർച്ചയായി നടത്തിയ രക്തപരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ ഡിസ്ചാർജ്ജ് ചെയ്യാൻ നേരത്തെ ഡോക്ടർമാർ തയ്യാറായെങ്കിലും കേന്ദ്രസംഘത്തിന്‍റെ ഉപദേശമനുസരിച്ച് ആശുപത്രിയിൽ തുടരുകയായിരുന്നു അജന്യ. ഇരുവരെയും ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ വൈറസ് ബാധ നിയന്ത്രണവിധേയമായെങ്കിലും ഉറവിടം ഇപ്പോഴും അവ്യക്തമാണ്.
