കഴിഞ്ഞ 2--3 ദിവസമായി വവ്വാലുകളുടെ സാംപിള്‍ ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍

കോഴിക്കോട്: നിപ വൈറസ് ബാധിച്ചെന്ന കരുതുന്ന പഴംതീനി വവ്വാലുകളുടെ സാംപിള്‍ ശേഖരിക്കാനുള്ള ശ്രമം മഴ കാരണം തടസ്സപ്പെടുന്നു. 

വവ്വാലുകളുടെ സാംപിള്‍ ശേഖരണത്തിന് മഴ തടസമാവുന്നുവെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസർ എ.സി മോഹനദാസ് പറഞ്ഞു. തിങ്കളാഴ്ചയോടെ സാംപിളുകള്‍ അയക്കാനുള്ള തീവ്രശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 2--3 ദിവസമായി വവ്വാലുകളുടെ സാംപിള്‍ ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. ഇന്നലെ രാത്രി മുഴുവന്‍ സാംപിള്‍ ശേഖരണത്തിനായി ഉദ്യോഗസ്ഥര്‍ കാത്തിരുന്നുവെങ്കിലും പുലര്‍ച്ചെയോടെയുണ്ടായ മഴ കാരണം സാംപിള്‍ ശേഖരണം മുടങ്ങി. 

വവ്വാലുകളുടെ കാഷ്ടം,മൂത്രം,രക്തം,സ്രവം എന്നിവയാണ് സാംപിള്‍ പരിശോധയ്ക്കായി അയക്കേണ്ടത്. പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലുള്ള സമയമാണ് ഇത് ശേഖരിക്കാന്‍ അനുയോജ്യം. തിങ്കളാഴ്ച്ചയോടെ 50 സംപിളുകളെങ്കിലും ശേഖരിച്ച് അയക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.