ശബരിമല യുവതീപ്രവേശന വിധിയെ ശക്തമായി അനുകൂലിക്കുന്ന സ്വാമിക്ക് സംഘപരിവാർ സംഘടനകളിൽ നിന്ന് ഭീഷണികള്‍ ഉണ്ടായിരുന്നു. ഇതോടെ ആശ്രമത്തിനെതിരായ അക്രമം വലിയ ചർച്ചയായി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ അക്രമം ഉണ്ടായി ഒരു മാസം തികയാനിരിക്കെ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. അന്വേഷണം പുരോഗമിക്കുകയെന്നാണ് പൊലീസ് ഇപ്പോഴും വിശദീകരിക്കുന്നത്. സമയമെടുത്താലും പ്രതികളെ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് സ്വാമി സന്ദീപാനന്ദഗിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ 27ന് പുലർച്ചയാണ് കുണ്ടമൺകടവിലെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ അക്രമം ഉണ്ടായത്. രണ്ട് കാറും ഒരു ബൈക്കും കത്തിനശിച്ചു. ആശ്രമത്തിലെ പോർച്ചിനും കേടുപാടുണ്ടായി. ആശ്രമത്തിന് മുന്നിൽ റീത്തും വെച്ചിരുന്നു. ശബരിമല യുവതീപ്രവേശന വിധിയെ ശക്തമായി അനുകൂലിക്കുന്ന സ്വാമിക്ക് സംഘപരിവാർ സംഘടനകളിൽ നിന്ന് ഭീഷണികള്‍ ഉണ്ടായിരുന്നു.

ഇതോടെ ആശ്രമത്തിനെതിരായ അക്രമം വലിയ ചർച്ചയായി. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ആശ്രമത്തിലെത്തി. എന്നാൽ, ഇപ്പോഴും പ്രതിയെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്. പെട്രോൾ ഒഴിച്ച് തീയിട്ടു എന്നാണ് ഫോറൻസിക് റിപ്പോർട്ട്.

ആശ്രമത്തിന്‍റെ ആറ് കിലോമീറ്റർ പരിധിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒരു തെളിവും കിട്ടിയില്ല. സ്വാമിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്തെങ്കിലും ഫലം ഉണ്ടായില്ല. റീത്ത് വാങ്ങിയ കടയോ പെട്രോൾ വാങ്ങിയ പമ്പോ കണ്ടെത്താനായിട്ടില്ല.

കന്റോൺമെന്റ് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ചില സൂചനകൾ ലഭിച്ചെങ്കിലും വിദേശത്തുള്ള സ്വാമി മടങ്ങിയെത്തിയ ശേഷം വ്യക്തത വരുത്താനായി കാത്തിരിക്കുകയാണെന്നാണ് പൊലീസ് വിശദീകരണം.