ജില്ലാ കളക്ടറുടെ വിലക്ക് മറികടന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ ഫ്ലാഗ് കോഡ് പാലിച്ചില്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പൊലീസ് കേസെടുക്കുന്നില്ല. അതേസമയം ജില്ലാ കളക്ടര്‍ സി.പി.എം അജണ്ട നടപ്പിലാക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി ജില്ലാ നേതൃത്വം രംഗത്തെത്തി.
പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളില്‍ ജില്ല ഭരണകൂടത്തിന്റെ വിലക്ക് മറികടന്നും ആര്‍.എസ്.എസ് മേധാവി മഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയതും ചടങ്ങില്‍ ഫ്ലാഗ് കോഡ് പാലിച്ചില്ലെന്നതുമായ കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തില്‍ തല്‍ക്കാലം കേസെടുക്കില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കുന്നത്.
എന്നാല്‍ സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശം അനുരിച്ചാണ് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തുന്നതിനെതിരെ സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്. ഇസഡ് കാറ്റഗറി സരുക്ഷയുള്ള മോഹന്‍ ഭാഗവതിന്റെ പാലക്കാട്ടെ എല്ലാ പരിപാടികളെ കുറിച്ചും നേരത്തെ സര്‍ക്കാരിന് വിവരം ലഭിച്ചിരുന്നു. എന്നിട്ടും പതിനാലാം തീയ്യത് രാത്രി 11 മണിക്ക് പതാക ഉയര്‍ത്തുന്നത് വിലക്കിക്കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത് കരുതിക്കൂട്ടി ആണെന്നും ബി.ജെ.പി നേതൃത്വം പറയുന്നു. നിയമപരമായി നിലനില്‍ക്കുന്നതന്നല്ല ജില്ലാ കളക്ടറുടെ സര്‍ക്കുലറെന്നും, കേസെടുത്താല്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബി.ജെ.പി വ്യക്തമാക്കുന്നു.
