നാടെങ്ങും ക്രിസ്മസ് ആഘോഷമാണ്. എന്നാൽ ഇതൊന്നുമില്ലാത്ത ഒരു കൂട്ടരുണ്ട് തലസ്ഥാനത്ത്. ഓഖി ദുരിതബാധിതരുടെ വീടുകളിൽ ഒരുവർഷത്തിനിപ്പുറവും ആഘോഷങ്ങളില്ല.

തിരുവനന്തപുരം: നാടെങ്ങും ക്രിസ്മസ് ആഘോഷമാണ്. എന്നാൽ ഇതൊന്നുമില്ലാത്ത ഒരു കൂട്ടരുണ്ട് തലസ്ഥാനത്ത്. ഓഖി ദുരിതബാധിതരുടെ വീടുകളിൽ ഒരുവർഷത്തിനിപ്പുറവും ആഘോഷങ്ങളില്ല.

'പണ്ടൊക്കെ കേക്ക് മുറിക്കും വൈന്‍ കുടിക്കും, അന്നൊക്കെ ആരെങ്കിലുമൊക്കെ കൊണ്ടുതരും... ഇപ്പോള്‍ ആരും തിരിഞ്ഞു നോക്കില്ല'- -പൂന്തുറയിലെ ജാന്‍സിയുടെ വാക്കുകള്‍ ഇങ്ങനെ. 'മുമ്പൊക്കെ ചേട്ടനുള്ളപ്പോള്‍ നന്നായി ആഘോഷിച്ചിരുന്നു. ഇപ്പൊ ഒന്നുമില്ല'- കണ്ണീര്‍ അടക്കാനാവാതെ ക്ലാസ്റ്റി പറയുന്നു. ക്ലാസ്റ്റിയുടെ വാക്കുകളിലുണ്ട് പൂന്തുറയിലെ ഓരോവീട്ടിലെയും അവസ്ഥ. വീടുകൾക്ക് മുന്നിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളില്ല. പൂൽക്കൂടില്ല. കേക്ക് മുറിച്ച് ആഘോഷങ്ങളില്ല.

അന്നുവരെ കുടുംബം പോറ്റിയിരുന്നവരെ കടൽ കൊണ്ടു പോയപ്പോൾ വറുയിതിയിലായതാണ് പല വീടുകളും. പ്രത്യാശയാണ് ക്രിസ്മസ്. അതുകൊണ്ട് പള്ളികളിൽ ഇത്തവണ ആഘോഷങ്ങൾ ഉണ്ട്. പല വീടുകളും അടഞ്ഞുകിടക്കുകയാണ് ഇത്തവണ ആഘോഷങ്ങളിലില്ലെങ്കിലും നല്ല നാളുകള്‍ തിരികെയെത്തുമെന്ന് തന്നെയാണ് ഇവരുടെ ക്രിസ്മസ് പ്രതീക്ഷ.