തിരുവനന്തപുരം: ജിഎസ്ടി നിലവില്‍വന്നതോടെ നികുതി ഇല്ലാതായിട്ടും കോഴിയിറച്ചി വിലയില്‍ കുറവില്ല. രണ്ടാഴ്ചയ്ക്കിടെ വില 20രൂപയാണ് വര്‍ദ്ധിച്ചത്. ധനമന്ത്രി പ്രഖ്യാപിച്ചതിനേക്കാള്‍ 40 രൂപ അധികം ഈടാക്കിയാണ് ഇപ്പോള്‍ കോഴിയിറച്ചി വില്‍പന നടക്കുന്നത്.

14.50 ശതമാനം നികുതിയുണ്ടായിരുന്ന ഇറച്ചിക്കോഴി ജിഎസ്ടിയുടെ നികുതിവലയില്‍ നിന്ന് രക്ഷപ്പെട്ടതോടെ ഈ നേട്ടം ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിര്‍ദ്ദേശം. 100 രൂപ വിലയുണ്ടായിരുന്ന ഇറച്ചിക്കോഴി 87രൂപയ്ക്ക് നല്‍കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചത് ഈ കണക്കനുസരിച്ചാണ്. എന്നാല്‍ ഉല്‍പ്പാദന ചിലവിന്‍റെ കണക്കുകള്‍ നിരത്തി ഉല്‍പ്പാദകര്‍ മന്ത്രിയുടെ കണക്കുകള്‍ കാറ്റില്‍ പറത്തി. നിലവില്‍, 140 രൂപയാണ് ഇറച്ചിക്കോഴിയുടെ ശരാശരി ചില്ലറ വില്‍പന വില. മൊത്തവിലയാകട്ടെ 130 രൂപയും.

ഇറച്ചിക്കോഴിക്ക് എംആര്‍പി ബാധകമല്ലാത്തതിനാല്‍ വ്യപാരികളുടെ കണക്കുകള്‍ വിശ്വസിക്കാനേ ഉദ്യോഗസ്ഥര്‍ക്കും തരമുളളൂ. ജിഎസ്ടി വഴി അമിതലാഭമുണ്ടാക്കുന്നത് തടയാനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സമിതിക്കു മുമ്പാകെ കേരളം സമര്‍പ്പിച്ച പട്ടികയില്‍ ഇറച്ചിക്കോഴി ഉള്‍പ്പെടാതെ പോയതും ഇക്കാരണത്താലാണ്. 

അടുത്തിടെ, കോഴിത്തീറ്റ നികുതിയിലും കുറവ് വന്നെങ്കിലും ഈനേട്ടവും വിലയില്‍ പ്രതിഫലിച്ചിട്ടില്ല. വിലയാകട്ടെ ഓരോ കടയിലും ഓരോ നിലയിലുമാണ്. വില കുറഞ്ഞില്ലെങ്കിലും ജിഎസ്ടിക്കു ശേഷമുളള സാമ്പത്തിക മാന്ദ്യം വില്‍പനയില്‍ 30ശതമാനം ഇടിവു വരുത്തിയെന്നാണ് വ്യപാരികളുടെ കണക്ക്.