ബിജെപി ഭരിക്കുന്ന ഏക നഗരസഭയില്‍ അവിശ്വാസം: സിപിഎം പിന്തുണച്ചേക്കും

പാലക്കാട്: നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ച ഇന്ന്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയിലെ നാല് സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷൻമാര്‍ക്കെതിരെ കോൺഗ്രസ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിനെ സിപിഎം പിന്തുണച്ചേക്കും.

കോൺഗ്രസുമായി നീക്കുപോക്കാകാമെന്ന് സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനിച്ചതിനു ശേഷം അത് നടപ്പിലാക്കാൻ ലഭിക്കുന്ന ആദ്യ അവസരത്തിലെ പാർട്ടി നിലപാട് തന്നെയാണ് ഏവരും ഉറ്റു നോക്കുന്നത്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക മുനിസിപ്പാലിറ്റിയിൽ ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസുമായി കൂട്ടു ചേരുമെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന. 

വികസന, ആരോഗ്യ, ക്ഷേമ കാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയർമാൻമാർക്കെതിരാണ് ആദ്യഘട്ടത്തിൽ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം. ഒറ്റക്ക് അവിശ്വാസം വിജയിപ്പിക്കാനുള്ള അംഗബലം ഈ സമിതികളിലൊന്നും യുഡിഎഫിനില്ല. സിപിഎമ്മിന്‍റെ പിൻതുണ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് ക്യാംപ്.