സംസ്ഥാനത്ത് ഇപ്പോള്‍ സുകൃതം പദ്ധതി വഴി സൗജന്യ ചികില്‍സയും മരുന്നുകളും ലഭ്യമാകുന്നില്ല.

തിരുവനന്തപുരം: സൗജന്യ അര്‍ബുദ ചികില്‍സ പദ്ധതിയായ സുകൃതം നിലച്ചു. ആശുപത്രികള്‍ക്ക് 70 കോടി രൂപയിലേറെ ബാധ്യതയായതോടെയാണ് പദ്ധതി നിലച്ചത്. ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ബാധ്യത തീര്‍ക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നാണ് ഓദ്യോഗിക വിശദീകരണം 

സംസ്ഥാനത്ത് ഇപ്പോള്‍ സുകൃതം പദ്ധതി വഴി സൗജന്യ ചികില്‍സയും മരുന്നുകളും ലഭ്യമാകുന്നില്ല. ഫണ്ടില്ലാത്തതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. ആര്‍.സി.സി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പുതിയ രോഗികളെ രജിസ്റ്റര്‍ ചെയ്യുന്നുമില്ല.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലും ആര്‍സിസി മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പദ്ധതി തുടങ്ങിയത്. 2017 മാര്‍ച്ച് 31നുശേഷം ഒരു ആശുപത്രിക്കും ഒരു നയാ പൈസയും നല്‍കിയതുമില്ല. പണമില്ലാത്തതിനാല്‍ പദ്ധതിയുടെ ആനുകൂല്യം കിട്ടാതായതോടെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി പോയി. ഇതോടെ ആരോഗ്യവകുപ്പും ധനവകുപ്പും ഉണര്‍ന്നു . എത്രകോടി രൂപ നല്‍കാനുണ്ടെന്ന കൃത്യമായ വിവരം നല്‍കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍.