ദില്ലി: ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി സാമൂഹികപ്രവര്‍ത്തകന്‍ അന്നാ ഹസാരെ രംഗത്തെത്തി. കെജ്‌രിവാളിന്റെ സഹപ്രവര്‍ത്തകരും എംഎല്‍എമാരും ഒന്നിന് പുറകെ ഒന്നായി ജയിലിലേക്ക് പോകുന്നത് വിഷമകരമാണെന്നും അന്നാ ഹസാരെ പറഞ്ഞു. അരവിന്ദ് കെജ്‌രിവാള്‍ ദില്ലി മുഖ്യമന്ത്രിയായപ്പോള്‍ താന്‍ ഉള്‍പ്പടെയുള്ളവര്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാല്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താകുകയാണെന്നു തോന്നുന്നുവെന്നും ഹസാരെ പറഞ്ഞു. കെജ്‌രിവാളില്‍ ഒരു പ്രതീക്ഷയും ബാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ സ്വരാജിനെക്കുറിച്ച് പുസ്‌തകം എഴുതിയ ആളാണ് കെജ്‌രിവാള്‍. എന്നാല്‍ എന്ത് ഗ്രാമ സ്വരാജാണ് അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ നടന്നതെന്നും അന്നാ ഹസാരെ ചോദിക്കുന്നു. കഴിഞ്ഞ ദിവസം ഒരു യുവതിയെ പീഡിപ്പിച്ച കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ സന്ദീപ് കുമാര്‍ അറസ്റ്റിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്നാ ഹസാരെ ദില്ലി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.