രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും ദുർബലപ്പെടുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ആശങ്ക പ്രകടിപ്പിച്ചു. വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് ജാമ്യം നിഷേധിക്കുന്നതും നിസ്സാര കാര്യങ്ങൾക്ക് പോലും ആളുകളെ ജയിലിൽ ഇടുന്നതും ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായ പ്രതിഷേധങ്ങൾക്കും ലഭിക്കുന്ന നിയമപരമായ സംരക്ഷണം നഷ്ടപ്പെടുകയാണോയെന്ന ഗുരുതര ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് ആഴ്ചകളോളം ജാമ്യം നിഷേധിച്ച് ജയിലിൽ ഇടുന്നതും കുറ്റകരമല്ലാത്ത ചില പ്രവൃത്തികൾക്ക് പോലും ദീർഘകാലം മനുഷ്യ‍ർ ജയിലിൽ കഴിയേണ്ടി വരുന്ന സാഹചര്യവും ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയാൻചൂണ്ടിക്കാട്ടി.

'പ്രതിഷേധിക്കുക' എന്നത് പൗരന്‍റെ അടിസ്ഥാന അവകാശം

ഭോപ്പാലിൽ നാഷണൽ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അഞ്ചാമത് ജസ്റ്റിസ് ജി പി സിംഗ് മെമ്മോറിയൽ ലക്ചറിന്‍റെ ഭാഗമായി സംസാരിക്കവെയാണ് ജസ്റ്റിസ് ഉജ്ജൽ ഭുയാന്‍റെ പരാമർശം. ജനാധിപത്യത്തിന്‍റെ ആത്മാവ് സംവാദവും വിയോജിപ്പും ആണെന്നും, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരന്‍റെയും അടിസ്ഥാന അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ സാധാരണ ജനാധിപത്യ പ്രവർത്തനങ്ങൾ പോലും ഇന്ന് പലപ്പോഴും കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്നും അദ്ദേഹം നിരീക്ഷിച്ചു. അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും 30 മുതൽ 40 ദിവസം വരെ ജാമ്യം പോലും നൽകാതെ ഇരിക്കുന്ന സംഭവങ്ങൾ വർധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ചിക്കൻ ബിരിയാണി കഴിക്കുന്നത് കുറ്റകൃത്യമല്ല'

ഗംഗാ നദിയിൽ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ ചിക്കൻ ബിരിയാണി കഴിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളുടെ കേസും ജസ്റ്റിസ് ഭുയാൻ പ്രസംഗത്തിനിടെ പരാമർശിച്ചു. "ചിക്കൻ ബിരിയാണി കഴിക്കുന്നത് കുറ്റകൃത്യമാണെന്ന് എനിക്ക് വിശ്വാസമില്ല. ഗംഗാ നദിക്ക് മുകളിൽ ചിക്കൻ കഴിക്കുന്നത് വിലക്കുന്ന ഒരു നിയമവും നിലവിലില്ല. എന്നിട്ടും അത്തരം കേസിൽ ആളുകളെ അറസ്റ്റ് ചെയ്ത് മൂന്ന് മാസം ജാമ്യം നിഷേധിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും?" എന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം സംഭവങ്ങൾ കോടതികളുടെ ജാമ്യനടപടികളെക്കുറിച്ച് സമൂഹത്തിൽ ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Scroll to load tweet…

'കോടതി, അഭിപ്രായ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നു'

ജാമ്യം അനുവദിച്ച ശേഷവും കോടതികൾ ചുമത്തുന്ന ചില നിബന്ധനകളെക്കുറിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു. ചില വിദ്യാർഥി പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചെങ്കിലും പാസ്‌പോർട്ട് സമർപ്പിക്കണം, നേരിട്ടോ ഓൺലൈനായോ ഒരു പൊതുയോഗത്തിലും പങ്കെടുക്കുകയോ പ്രസംഗിക്കുകയോ ചെയ്യരുത് തുടങ്ങിയ വ്യവസ്ഥകൾ ഏർപ്പെടുത്തിയ സംഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നിബന്ധനകൾ വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും പൊതുജീവിതത്തിൽ പങ്കെടുക്കാനുള്ള അവകാശത്തെയും വലിയ തോതിൽ പരിമിതപ്പെടുത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുപോലെ മുൻ ജഡ്ജിമാർ വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ ചേരുന്നതിനെയും അദ്ദേഹം വിമർശിച്ചു. അത് അധികാര വിഭജനത്തെ ലംഘിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ നീരീക്ഷണം.

'പാലസ്തീനെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ'

ഗാസയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ ആസ്പദമാക്കി പ്രതിഷേധം സംഘടിപ്പിക്കാൻ അനുമതി നിഷേധിച്ച ബോംബെ ഹൈക്കോടതിയുടെ സമീപനത്തെയും ജസ്റ്റിസ് ഭുയാൻ പരാമർശിച്ചു. ഇന്ത്യ പാലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച രാജ്യമാണെന്നും, ഇന്ത്യയിൽ പലസ്തീൻ എംബസി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗാസയിലെ സംഭവ വികാസങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ അന്വേഷണം നടന്ന സാഹചര്യത്തിൽ അത്തരം വിഷയങ്ങളിൽ സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാൻ പൗരന്മാർക്ക് അവസരം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

'കൂടുതൽ സൂക്ഷ്മമായ സമീപനം സ്വീകരിക്കണം'

അഭിപ്രായ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന മൂല്യങ്ങളാണെന്നും, ജാമ്യം അനുവദിക്കുന്നതിലും അതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നിശ്ചയിക്കുന്നതിലും കോടതികൾ കൂടുതൽ സൂക്ഷ്മമായ സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ഭുയാൻ അഭിപ്രായപ്പെട്ടു. നീതിന്യായ വ്യവസ്ഥയുടെ ഇത്തരം തീരുമാനങ്ങൾ ജനാധിപത്യാവകാശങ്ങളുടെ സംരക്ഷണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ കൂടുതൽ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുൾഡോസർ രാജിനെയും അദ്ദേഹം വിമ‍ർശിച്ചു. വിവിധ കോടതി വിധികളെ ഉദ്ദരിച്ചായിരുന്നു അദ്ദേഹം തന്‍റെ വാദങ്ങൾ മുന്നോട്ട് വച്ചതെന്നതും ശ്രദ്ധേയം.