ദില്ലി: രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാരാവും എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കേന്ദ്ര മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ പേര് സര്‍ക്കാര്‍ വെളിപ്പെടുത്തിയില്ല. സര്‍ക്കാര്‍ പേര് നിര്‍ദ്ദേശിക്കാതെ ചര്‍ച്ച മുന്നോട്ടു പോകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ബിജെപി നിയോഗിച്ച മന്ത്രിമാരുടെ സമിതിയില്‍ അംഗങ്ങളായ രാജ്നാഥ് സിംഗ്, വെങ്കയ്യ നായിഡു എന്നിവര്‍ പത്ത് ജന്‍പഥില്‍ എത്തിയാണ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. മല്ലികാര്‍ജ്ജുന ഖര്‍ഗെ, ഗുലാം നബി ആസാദ് എന്നിവരും സോണിയാ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. സമവായത്തിലൂടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാണ് പ്രധാനമന്ത്രിക്ക് താല്‍പര്യമെന്ന് പറഞ്ഞ മന്ത്രിമാര്‍ കോണ്‍ഗ്രസിന് ആരുടെയെങ്കിലും പേരു നിര്‍ദ്ദേശിക്കാനുണ്ടോ എന്ന് ആരാഞ്ഞു. എന്നാല്‍ ആദ്യം സര്‍ക്കാരിന്റെ സ്ഥാനാര്‍ത്ഥിയാരെന്ന് അറിയട്ടെ എന്ന് സോണിയാ ഗാന്ധി പറഞ്ഞു. ചര്‍ച്ചകള്‍ തുടരാം എന്നു പറഞ്ഞാണ് മന്ത്രിമാര്‍ മടങ്ങിയത്.

അണ്ണാ ഡിഎംകെ നേതാവും ഡെപ്യൂട്ടി സ്‌പീക്കറുമായ തമ്പിദുരൈ, വെങ്കയ്യ നായിഡുവുമായി ചര്‍ച്ച നടത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഇന്ന് വൈകിട്ട് സിപിഎം ആസ്ഥാനത്തെത്തി കേന്ദ്ര മന്ത്രിമാര്‍ കാണും. അതിനിടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭഗവതിന്റെ പേര് അംഗീകരിച്ചില്ലെങ്കില്‍ എംഎസ് സ്വാമിനാഥനെ പരിഗണിക്കണം എന്ന് ശിവസേന ആവശ്യപ്പെട്ടു.

സുഷമാ സ്വരാജ്. ദ്രൗപദി മുര്‍മു, തവര്‍ചന്ദ് ഗലോട്ട് തുടങ്ങിയവരുടെ പേരുകളാണ് അഭ്യൂഹങ്ങളില്‍ പ്രചരിക്കുന്നത്. ഇ.ശ്രീധരന്റെ ഉള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പേരുകളെക്കുറിച്ചും ബിജെപി നേതൃത്വം ഒരു സ്ഥിരീകരണത്തിനും തയ്യാറായില്ല. അടുത്തയാഴ്ച അന്തിമ തീരുമാനം എടുത്താന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡും എന്‍ഡിഎ യോഗവും ചേരും.