ദില്ലി: ഒാറഞ്ച് പാസ്പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസർക്കാർ പിന്‍മാറി. വിദേശ കാര്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. നീക്കത്തോട് വ്യാപക എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്‍മാറ്റം. പാസ്പോര്‍ട്ടില്‍ ഉടമയുടെ വിലാസം അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അവസാനപേജ് ഒഴിവാക്കാനുള്ള തീരുമാനവും റദ്ദാക്കി. പാസ്പോര്‍ട്ട് നല്‍കുന്നതിന് നിലവിലെ രീതി തന്നെ തുടരും.
ഒാറഞ്ച് പാസ്പോർട്ട് നൽകുന്നതിനെതിരെ വ്യാപകമായി വിമർശനമുയർന്നിരുന്നു. രാജ്യത്തെ പൗരന്മാര്‍ക്ക് രണ്ട് തരം പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിരുന്നു. ഓറഞ്ച് നിറമുള്ള പാസ്‌പോര്‍ട്ട് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം ആണെന്നാണ് ആക്ഷേപം.
എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്പോര്‍ട്ടുകള്‍ ഓറഞ്ച് നിറവും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവ നീലനിറവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൂടാതെ, പാസ്‌പോര്‍ട്ട് ഉടമയുടെ മേല്‍വിലാസവും എമിഗ്രേഷന്‍ സ്റ്റാറ്റസും പാസ്‌പോര്‍ട്ടിന്റെ അവസാനപേജില്‍ നിന്ന് ഒഴിവാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പാസ്പോര്‍ട്ടുകളൊഴികെ ബാക്കിയെല്ലാത്തിനും കടുംനീല പുറംചട്ടയാണുള്ളത്.
