ആലുവ: നാവിക സേന ആയുധ സംഭരണശാലക്ക് സമീപം പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിര്‍മ്മിച്ചത് പഞ്ചായത്തിന്‍റെ അനുമതിയില്ലാതെയെന്ന് സ്ഥിരീകരണം. നിര്‍മ്മാണാനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കുന്ന വിവരാവകാശ രേഖ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. നിയമലംഘനത്തിനെതിരെ നേരത്തെ നാവികസേനയും രംഗത്തെത്തിയിരുന്നു.
ആലുവ എടത്തലയിലെ നാവിക സേന ആയുധ സംഭരണ ശാലക്കും, വയര്‍ലെസ് ഡിപ്പോക്കും തൊട്ടടുത്താണ് പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം. രണ്ട് ലക്ഷത്തിലധികം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച ഏഴ് നില കെട്ടിടം ദേശ സുരക്ഷക്ക് തന്നെ ഭീഷണിയാണ്. ഇത്രയും വലിയ കെട്ടിടം പക്ഷേ പഞ്ചായത്തിന്‍റെ കണ്ണ് വെട്ടിച്ചാണ് പണിതെന്ന സ്ഥിരീകരണമാണ് ഇപ്പോള്‍ കിട്ടുന്നത്. ഈ കെട്ടിടത്തിന് നിര്‍മ്മാണാനുമതി നല്‍കിയിട്ടില്ലെന്നാണ് എടത്തല പഞ്ചായത്ത് വ്യക്തമാക്കുന്നത്. അതിനാല്‍ കെട്ടിടത്തിന്‍റെ നികുതിയും ഈടാക്കുന്നില്ല. ഡിഫന്‍സ് വിജ്ഞാപന പ്രകാരം അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിരിക്കുന്നിടത്ത് നാവികസേനയുടെ എന്‍ ഒ സി ഉണ്ടെങ്കില്‍ മാത്രമേ പഞ്ചായത്ത് നിര്‍മ്മാണാനുമതി നല്‍കൂ.
കെട്ടിട നിര്‍മ്മാണത്തിനായി കിട്ടുന്ന അപക്ഷേകള്‍ പഞ്ചായത്ത് നാവികസേനക്ക് കൈമാറിയാണ് തീര്‍പ്പ് കല്‍പിക്കുന്നത്. എന്നാല്‍ ഈ കെട്ടിടത്തിനായി ഒരപക്ഷേയും പഞ്ചായത്തില്‍ കിട്ടിയിട്ടില്ലെന്നാണ് വിവരം.നാവികസേന ശ്രദ്ധയില്‍ പെടുത്തുമ്പോള്‍ മാത്രമേ കെട്ടിട നിര്‍മ്മാണത്തെ കുറിച്ച് വിവരം കിട്ടിയിട്ടുള്ളൂവെന്നാണ് സെക്രട്ടറിയുടെ പ്രതികരണം. തുടര്‍ന്ന് സ്റ്റോപ്മെമ്മായും നല്‍കി. പി വി അന്‍വര്‍ എംഎല്‍എ ഡയറക്ടറായ പീവീസ് റിയല്‍ട്ടേഴ്സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് കെട്ടിടം. കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ ഈ കമ്പനി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് രാജ്യസുരക്ഷക്ക് തന്നെ ഭീഷണി ഉയര്‍ത്തിയിട്ടും ജില്ലാ ഭരണകൂടം പോലും നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല.
