പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ആഗ്രഹിച്ചു ആയിക്കണക്കിന് പേരാണ് എത്തുന്നതെന്നും പൂനെയില്‍ സീറ്റുകള്‍ കുറവായതിനാല്‍ ഇവര്‍ക്കെല്ലാം അഡ്മിഷന്‍ കൊടുക്കാനാകുന്നില്ലെന്നും കഴിഞ്ഞ ആഴ്ച കോഴിക്കോട് തപസ്യ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ചൗഹാന്‍ പറഞ്ഞിരുന്നു. കേരളത്തില്‍ കൊച്ചിയിലുള്‍പ്പെടെ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ എഫ്.ടി.ഐ.ഐ പ്രാദേശിക കേന്ദ്രങ്ങള്‍ തുടങ്ങി ഈ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാല്‍ കൊച്ചിയില്‍ എഫ്.ടി.ഐ.ഐ പ്രാദേശിക കേന്ദ്രം കൊണ്ടുവരുമെന്ന് ചൗഹാന്‍ വിടുവായിത്തം പറയുകയാണെന്ന് അപ്പോള്‍തന്നെ സിനിമാ-അക്കാദമിക രഗത്തെ പ്രമുഖര്‍ ആരോപിച്ചു. എഫ്.ടി.ഐ.ഐ ഭരണസമിതി തീരുമാനിക്കാതെ ചൗഹാന് ഒറ്റയ്‌ക്ക് ഇത്തരമൊരു പ്രഖ്യാപനം നടത്താനാവില്ലെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാണിച്ചത്. ഇക്കാര്യത്തില്‍ ഒരു വ്യക്തത കിട്ടാനായി ഞങ്ങള്‍ ചെയര്‍മാനെ സമീപിച്ചപ്പോള്‍ എഫ്.ടി.ഐ.ഐ പ്രാദേശിക കേന്ദ്രം തുടങ്ങുന്നതിനെക്കുറിച്ച് ഒരു ആലോചനയുമില്ലെന്നും മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമയെക്കുറിച്ച് മനസിലാന്‍ കേരളത്തില്‍ ഹൃസ്വകാല കോഴ്‌സുകള്‍ തുടങ്ങിക്കൂടേ എന്നൊരു നിര്‍ദേശം വന്നപ്പോള്‍ ഇക്കാര്യം എഫ്.ടി.ഐ.ഐ ഭരണസമിതിക്ക് മുന്നില്‍ അവതരിപ്പിക്കാമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.