ചാവക്കാട് പൊലീസ് സ്റ്റേഷനിൽ വെച്ച് 18 കാരനെ മർദിച്ചെന്ന പരാതിയിൽ പുതിയ വെളിപ്പെടുത്തൽ. യുവാവിനെ കസ്റ്റഡിയിലെടുത്തത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണെന്നും, ഓടുന്നതിനിടെ വീണാണ് പരിക്കേറ്റതെന്നും പൊലീസ് മെഡിക്കൽ രേഖകൾ സഹിതം വിശദീകരിക്കുന്നു

തൃശൂർ: ചാവക്കാട് 18 കാരനെ പൊലീസ് സ്റ്റേഷനിൽ മർദിച്ചെന്ന പരാതി തെറ്റെന്ന് പൊലീസ്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് മലപ്പുറം പാലപെട്ടി സ്വദേശി അനസിനെ കസ്റ്റഡിയിലെടുത്തതെന്നും പിന്നീട് ജാമ്യത്തിൽ വിട്ടുവെന്നും പൊലീസ് പറയുന്നു. അനസ് മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളും പൊലീസ് പുറത്തുവിട്ടു. പൊലീസിനെ കണ്ട് ഓടിയപ്പോൾ വീണാണ് അനസിന് പരിക്കേറ്റതെന്നും പൊലീസ് ആരോപിച്ചു.

ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നത്. എടക്കഴിയൂർ നേർച്ച കാണാൻ എത്തിയതായിരുന്നു അനസ്. നേര്‍ച്ചക്കിടെ ഇരുവിഭാഗം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് ലാത്തിവീശിയതോടെ ആളുകള്‍ ചിതറിയോടി. ഇതിനിടയിൽ കയ്യിൽ കിട്ടിയ തന്നെയും മറ്റൊരാളേയും പൊലീസ് ചാവക്കാട് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് ക്രൂരമായി മര്‍ദിച്ചെന്നുമാണ് അനസ് പറയുന്നത്. സ്റ്റേഷനിൽ വെച്ച് കൈയ്ക്കും കാലിനും കഴുത്തിനും അടിച്ചു. മർദ്ദിച്ച കാര്യം പുറത്ത് പറയരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അനസ് ആരോപിക്കുന്നു.