വളം, കീടനാശിനി തുടങ്ങിയവക്കുള്ള സബ്സിഡികള്‍ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുമ്പോള്‍ പമ്പിംങ്  സബ്സിഡി മാത്രം അതാത് പാടശേഖര സമിതികൾക്കാണ് കൈമാറാറുള്ളത്

പൊന്നാനി: പമ്പിംങ് സബ്സിഡി ലഭിക്കാതായതോടെ പൊന്നാനി മേഖലയിലിലെ പുഞ്ചകര്‍ഷകര്‍ പ്രതിസന്ധിയില്‍. കോലൊളമ്പ് കോലത്തുപാടം കോൾ സമിതിക്ക് മാത്രം 28 ലക്ഷം രൂപയാണ് പമ്പിംങ് സബ്സിഡിയില്‍ കുടിശികയുള്ളത്. പെ‍ന്നാനി കോളിൽ 48 പാടശേഖര സമിതികളാണ് ഉള്ളത്.

വളം, കീടനാശിനി തുടങ്ങിയവക്കുള്ള സബ്സിഡികള്‍ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുമ്പോള്‍ പമ്പിംങ് സബ്സിഡി മാത്രം അതാത് പാടശേഖര സമിതികൾക്കാണ് കൈമാറാറുള്ളത്. കൃഷിയിറക്കുന്ന സമയത്ത് എ ഫോമും കൊയ്ത്ത് കഴിഞ്ഞാൽ ബി ഫോമും പൂരിപ്പിച്ചു നൽകുന്ന മുറയ്ക്ക് തുക ലഭ്യമാക്കുകയായിരുന്നു നേരത്തെയുള്ള പതിവെങ്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി സബ്സിഡി തുക കുടിശികയായാണ്.

തൃശൂർ പുഞ്ച സ്പെഷ്യൽ ഓഫിസറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കേണ്ട സബ്സിഡിയാണ് കുടിശികയാവുന്നത്. മറ്റ് സബ്സിഡികളെ പോലെ പമ്പിങ് സബ്സിഡിയും നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാൻ തീരുമാനിച്ചാല്‍ കുടിശികയാവുന്നത് ഇല്ലാതാവുമെന്നാണ് കര്‍ശകരുടെ വാദം.

ഈ ആവശ്യം ഉന്നയിച്ച് കൃഷി മന്ത്രിക്ക് കര്‍ഷകര്‍ നിവേദനം നല്‍കിയിട്ടുണ്ട്.എന്നാല്‍ അപേക്ഷകള്‍ കൃത്യമായി കിട്ടാത്തതാണ് സബ്സിഡി വിതരണത്തിലെ കാലതാമസത്തിന് കാരണമെന്നാണ് തൃശൂര്‍ പുഞ്ച സ്പെഷ്യല്‍ ഓഫീസറുടെ വിശദീകരണം.