ഫീസ് കുറയ്ക്കാന്‍ സന്നദ്ധമാണെന്ന് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ പങ്കെടുക്കവെയാണ് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ വെളിപ്പെടുത്തിയത്. 2,50,000 എന്ന കരാര്‍ പ്രകാരമുള്ള ഫീസ് 2,10,000 ആക്കാന്‍ എം.ഇ.എസ് സന്നദ്ധമാണെന്നായിരുന്നു ഫസല്‍ ഗഫൂര്‍ പറഞ്ഞത്. ഇതേ തുടര്‍ന്നാണ് ഫീസ് സംബന്ധിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയത്. എന്നാല്‍ ഇന്നലെ രാത്രി തന്നെ ഈ നിലപാടില്‍ നിന്ന് ഫസല്‍ ഗഫൂര്‍ പിന്നോട്ടുപോയി. ഇന്ന് നടന്ന ചര്‍ച്ചകളിലും ഫീസ് കുറയ്ക്കാനാവില്ലെന്ന കര്‍ശന നിലപാടാണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ സ്വീകരിച്ചത്. ഈ വര്‍ഷം ഇനി ഫീസിളവും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പും അടഞ്ഞ അദ്ധ്യായമാണെന്ന് മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധി വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്തില്ലെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തത് അടുത്ത വര്‍ഷത്തെ പ്രവേശന കാര്യങ്ങളാണെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു. ഫീസ് കുറയ്ക്കുമെന്ന തരത്തില്‍ പ്രചരിച്ചതെല്ലാം കെട്ടുകഥകളെന്നും മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധി ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന സമരങ്ങള്‍ ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. നിയമസഭയില്‍ നിരാഹാരം നടത്തുന്ന എം.എല്‍.എമാരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പകരം എം.എല്‍.എമാരായ വി.ടി ബല്‍റാമും റോജി എം ജോണും സമരം ഏറ്റെടുക്കും. ചര്‍ച്ച പരാജയപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഭാവി സമര പരിപാടികള്‍ വിശദീകരിക്കാന്‍ യു.ഡി.എഫ് ഇന്ന് ആറു മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
