അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രചാരണ റാലികള്‍ക്ക് അനുമതി നിഷേധിച്ചു. നഗരത്തിലെ സുരക്ഷാ കാരണങ്ങളും മുന്‍നിര്‍ത്തിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. പട്ടേല്‍ വിഭാഗം നേതാവ് ഹര്‍ദിക് പട്ടേലിന്റെ റാലിക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.

അഹമ്മദാബാദില്‍ ബുധനാഴ്ച റോഡ് ഷോ നടത്താന്‍ അനുവാദം ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും അപേക്ഷ പൊലീസ് തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നയിക്കുന്ന റോഡ് ഷോകള്‍ക്ക് അനുമതി തേടി ഇരുരാഷ്ട്രീയ പാര്‍ട്ടികളും പൊലീസിനെ സമീപിച്ചിരുന്നു. സുരക്ഷാ കാരണങ്ങളും ക്രമസമാധാന സാധ്യതകളും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായേക്കുമെന്ന കാരണവും ചൂണ്ടിക്കാണിച്ചാണ് റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതെന്ന് അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ അനൂപ് കുമാര്‍ സിങ് അറിയിച്ചു.

രണ്ടുഘട്ടമായാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പു നടക്കുന്നത്. ആദ്യഘട്ടം ഡിസംബര്‍ ഒമ്പതിന് പൂര്‍ത്തിയായിരുന്നു. ഡിസംബര്‍ പതിനാലിന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി പതാന്‍, നാദിയാദ് ജില്ലകളിലായിരുന്നു മോദി റാലി തീരുമാനിച്ചിരുന്നത്. അതേസമയം, സംസ്ഥാനത്ത് നാല് റാലികളില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി തീരുമാനിച്ചിരുന്നത്. തരാഡ്, വിരാംഗം. സാവ്‌ലി, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ റാലിയില്‍ പങ്കെടുക്കാനായിരുന്നു രാഹുല്‍ ഗാന്ധി തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ 68 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വോട്ടിംഗ് മെഷീനുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തിനിടെ മന്ദഗതിയിലായിരുന്നു പോളിംഗ് നടന്നത്. 977 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടിയത്. ഡിസംബര്‍ 18 നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.