തിരുവനന്തപുരം: വിജിലൻസ് അനുമതിയോടെയായിരുന്നു പി.കെ.സുധീറിന്റെ നിയമനമെന്ന മുഖ്യമന്ത്രിയുടേയും ഇപി ജയരാജന്റെയും വാദം തെറ്റാണെന്ന് സുധീറിന്റെ നിയമന ഉത്തരവ് തന്നെ വ്യക്തമാക്കുന്നു. മറ്റൊരു ബന്ധുവായ എംകെ ജിൽസനെ അടക്കം നിയമിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് ഇപി ജയരാജൻ നിർദ്ദേശം നൽകിയത് സ്വന്തം ലെറ്റർ പാഡിലാണ്. ജയരാജന് കുരുക്കാകുന്ന രേഖകൾ പുറത്തായി.
ജയരാജൻ തെററ് സമ്മതിച്ചെന്നായിരുന്നു കോടിയേരിയുടെ വിശദീകരണമെങ്കിൽ സഭയിൽ ജയരാജൻ പറഞ്ഞത് സുധീറിന്റെതടക്കം ഒരു നിയമനത്തിലും തെറ്റ് പറ്റിയിട്ടില്ലെന്ന്. എന്നാൽ സുധീറിനെ കെഎസ്ഐഇ എഡിയായി നിയമിച്ചുള്ള ഒക്ടോബർ ഒന്നിലെ ഉത്തരവ് നോക്കാം. നിയമനം അടിയന്തിര പ്രാധാന്യത്തോടെ. തുടർ സർവ്വീസിന്റെ കാര്യത്തിൽ മാത്രം വിജിലൻസ് അനുമതി . അതായത് നിയമനത്തിൽ മുൻകൂർ അനുമതിയില്ലെന്ന് വ്യക്തം. ഇപി യുടെ മറ്റൊരു ബന്ധുവായ എംകെ ജിൽസനെ വ്യവസായ വകുപ്പിന് കീഴിലെ കിനെസ്ക്കോ എംഡിയാക്കാൻ വ്യവസായ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് സ്വന്തം ലെറ്റർപാഡിൽ.
നായനാരുടെ ചെറുമകൻ സൂരജ് രവീന്ദ്രനെ കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്ക് എംഡിയാക്കാനുുള്ള നിർദ്ദേശവും പിണറായി സ്വദേശിയായ യു നികാന്തിനെ കിൻഫ്ര എക്സ്പോർട്ട് പ്രൊമേഷൻ ഇൻഡസ്ട്രീയിൽ പാർക്ക് എംഡിയായി കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള നിർദ്ദേശവും പോയതും മന്ത്രിയുടെ ലെറ്റർപാഡിൽ. ജിൻസന്റെ നിയമന ഉത്തരവിലും വിജിലൻസ് അനുമതിയെ കുറിച്ച് ഒന്നും പറയുന്നുമില്ല.

