ചെറിയൊരു വിഭാഗം അഴിമതിക്കാര്‍ കള്ളപ്പണം കൈവശം വെക്കുന്നു എന്ന കാരണത്താല്‍ പൊടുന്നനെ ജനങ്ങളുടെ കൈവശമുള്ള നോട്ടുകള്‍ അസാധുവാണെന്ന് പ്രഖ്യാപിക്കുന്നത് സ്വേഛാധിപത്യത്തിന്‍റെ സങ്കീര്‍ണമായ പ്രകടനമാണെന്ന് അമൃത്യാസെന്‍ പറഞ്ഞു.

ഒരു ഏകാധിപത്യ സര്‍ക്കാരിന് മാത്രമേ ഇത്രയും ദുരിതം ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും സ്വന്തം പണം ബാങ്കില്‍ നിന്ന് തിരിച്ചെടുക്കാന്‍ ദശലക്ഷക്കണക്കിന് നിരപരാധികളായ ആളുകളാണ് കഷ്ടപ്പാടും അപമാനവും സഹിക്കുന്നതെന്നും അമൃത്യാസെന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഭാവിയില്‍ എന്തെങ്കിലും ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയുക പ്രയാസകരമായിരിക്കുമെന്ന്  അമേരിക്കയിലെ പ്രശസ്തമായ ഹാര്‍വഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര, തത്വശാസ്ത്ര വിഭാഗം പ്രൊഫസര്‍ കൂടിയായ സെന്‍ ചൂണ്ടിക്കാട്ടി.

വിദേശത്തെ കള്ളപ്പണം തിരിച്ചത്തെിച്ച് ഒരോ ഇന്ത്യക്കാരന്‍റെയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന സര്‍ക്കാരിന്‍റെ മുന്‍ വാഗ്ദാനം പൊള്ളയായതുപോലെ ഈ നീക്കവും പരാജയപ്പെടും. ഈ നടപടിയില്‍ നിന്ന് കള്ളപ്പണക്കാര്‍ രക്ഷപ്പെടുകയും സാധാരണക്കാരും ചെറുകിട കച്ചവടക്കാരും ശിക്ഷ അനുഭവിക്കുകയും ചെയ്യുമെന്നും സെന്‍ ചൂണ്ടിക്കാട്ടി.