മുംബൈ: കേന്ദ്രസര്‍ക്കാരിന്‍റെ നോട്ട് നിരോധനം ദിശാബോധമില്ലാത്ത മിസൈല്‍ വിക്ഷേപണം പോലെയുള്ള നടപടിയെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍. ഇന്ത്യയും ചൈനയും ആരോഗ്യസംരക്ഷണം എങ്ങനെ നടപ്പാക്കുന്നുവെന്ന വിഷയത്തില്‍ മുംബൈ ടാറ്റാ മെമ്മോറിയില്‍ സെന്‍ററില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനം കൈക്കൊണ്ടപ്പോള്‍ അത് കൃത്യമായ ദിശ നിര്‍ണയിക്കാത്ത മിസൈല്‍ വിക്ഷേപണം പോലെ ജനങ്ങള്‍ക്കുമേല്‍ വന്നുപതിച്ചു. രാഷ്ട്രീയപരമായ തീരുമാനമാണെങ്കിലും അതില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തണം. ആരോഗ്യരംഗത്ത് ഗുരുതര വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. എന്നാല്‍, ഇന്ത്യയെപ്പോലെ തന്നെ ഒരു ജനാധിപത്യ രാജ്യമായ ചൈന ജനക്ഷേമം പരിഗണിച്ച് ആരോഗ്യസുരക്ഷാരംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു. ബംഗ്ലാദേശും നേപ്പാളുമൊക്കെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയെക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുവെന്നും ഹാര്‍വാഡ് യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ കൂടിയായ അമര്‍ത്യ സെന്‍ പറഞ്ഞു.

25 വര്‍ഷത്തിനിടെ രാജ്യം സാമ്പത്തികമായി വലിയ പുരോഗതി നേടിയെങ്കിലും ആരോഗ്യസുരക്ഷാ രംഗത്ത് ഏറെ പിന്നിലാണ്. പൊതുമേഖലയില്‍ മികച്ച സേവനം ലഭ്യമാകാത്തതിനാലാണ് ജനം സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരെ തേടിപ്പോകുന്നതിനു കാരണം. പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുന്ന ഡോക്ടര്‍മാരുടെ നടപടി അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സെന്‍ പറഞ്ഞു.

നോട്ട് നിരോധനത്തെ തുടക്കംമുതല്‍ രൂക്ഷമായ ഭാഷയിലാണ് അമര്‍ത്യസെന്‍ വിമര്‍ശിച്ചത്.