നിയമത്തിലെ പഴുതുകള്‍ മുതലാക്കി സ്വര്‍ണ്ണകടത്തുകാര്‍ ശിക്ഷാ നടപടികള്‍ ദുര്‍ബലം ഡി.ആര്‍.ഐ. കണക്കില്‍ കോഴിക്കോട് മേഖല മുന്നില്‍

കോഴിക്കോട്: വിമാനത്താവളങ്ങൾ വഴി കേരളത്തിലേക്കുള്ള സ്വര്‍ണ്ണക്കടത്ത് കൂടുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് അഞ്ചിരട്ടിയില്‍ അധികം വര്‍ധിച്ചു. കേരളത്തിലെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ പ്രധാന പ്രവര്‍ത്തനം.

നികുതി അടച്ച് വിദേശത്ത് നിന്ന് സ്വര്‍ണ്ണം കൊണ്ട് വന്നാല്‍ കൊള്ളലാഭം കിട്ടില്ല. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് എളുപ്പത്തില്‍ ഈരിപ്പോരാവുന്ന വകുപ്പുകളാണ് നിലവിലുള്ളത്. 20 ലക്ഷം രൂപവരെ വിലയുള്ള സ്വര്‍ണ്ണം കടത്തിയാല്‍ അറസ്റ്റുണ്ടാവില്ല. ഇരുപത് ലക്ഷം മുതല്‍ ഒരു കോടി രൂപവരെ വിലയുള്ള സ്വര്‍ണ്ണം കടത്തുന്നവര്‍ക്ക് ഉടന്‍ തന്നെ ജാമ്യം കിട്ടും. പിടിക്കപ്പെട്ടാല്‍ മിക്ക കേസുകളിലും നികുതിയടച്ച് സ്വര്‍ണ്ണം തിരിച്ചെടുക്കാനുള്ള സാധ്യതയുമുണ്ട്. ഇതാണ് സ്വര്‍ണക്കടത്ത് വര്‍ധിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. 

2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് മാത്രം പിടിച്ചത് 78.73 കിലോഗ്രാം സ്വര്‍ണ്ണമാണ്. വിപണിയില്‍ 22 കോടിയില്‍ അധികം രൂപ വില വരും ഇതിന്. മുന്‍ സാമ്പത്തിക വര്‍ഷം വെറും 13.34 കിലോഗ്രാം മാത്രം പിടികൂടിയതില്‍ നിന്നാണ് അഞ്ചിരട്ടിയില്‍ അധികമായുള്ള ഈ വര്‍ധന. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം സ്വര്‍ണം പിടിച്ചത് കൊച്ചി വിമാനത്താവളത്തിലാണെന്നതും ശ്രദ്ധേയമാണ‍. 86.95 കിലോഗ്രം. തിരുവനന്തപുരം വിമാനത്താവളത്തില്‍ 14.72 കിലോഗ്രാം സ്വര്‍ണ്ണവും പിടികൂടി. രണ്ടിടത്തും ഇരട്ടയിലധികം വര്‍ധനയാണ് ഉണ്ടായത്.

കോഴിക്കോട്ടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് പിടികൂടിയ സ്വര്‍ണ്ണത്തിലും വന്‍ വര്‍ധനയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50.9 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു. 2016-17 ൽ 16.64 കിലോ പിടികൂടിയ സ്ഥാനത്താണിത്. ഡി.ആര്‍.ഐ ഏറ്റവുമധികം സ്വര്‍ണം പിടിച്ചതും കോഴിക്കോട് മേഖലയിൽ നിന്നാണ്. യു.എ.ഇ, ഖത്തറില്‍ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും സ്വര്‍ണ്ണം കേരളത്തിലേക്ക് ഒഴുകുന്നത്. കേരളത്തിന് പുറത്തെ സ്വര്‍ണക്കടത്തിലും വടക്കൻ ജില്ലകളുടെ ബന്ധമുണ്ട്. കസ്റ്റംസിന്‍റേയും റവന്യൂ ഇന്‍റലിജന്‍സിന്‍റേയും കണ്ണ് വെട്ടിച്ച് സ്വര്‍ണ്ണം കടത്താനുള്ള മാര്‍ഗങ്ങളുമായി കള്ളക്കടത്ത് സംഘം സദാ സജീവമാകുമ്പോള്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും എത്രയോ ഇരട്ടിയാണെന്നാണ് സൂചനകള്‍.