ഉത്തര കൊറിയ അഞ്ചാം തവണയും അണുബോംബ് പരീക്ഷിച്ചുവെന്ന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ഉത്തര കൊറിയയിലെ സുങ്ജിബേഗത്തിന് 11 മൈല്‍ വടക്കു കിഴക്കായാണ് അണുബോംബ് പരീക്ഷിച്ചത്. പ്രാദേശിക സമയം രാവിലെ ഒമ്പതരയ്‌ക്കായിരുന്നു ബോംബ് പരീക്ഷണം നടത്തിയത്. ഇതേസമയം ഉത്തരകൊറിയയ്‌ക്ക് സമീപം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. റിക്‌ടര്‍ സ്കെയിലില്‍ 5.3 അനുഭവപ്പെട്ട ഭൂചലനം ശക്തിയേറിയ ബോംബ് പരീക്ഷണത്തെ തുടര്‍ന്നാണെന്നാണ് സൂചന. ഇക്കഴിഞ്ഞ ജനുവരിയിലും ഉത്തര കൊറിയ ആണവായുധം പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉത്തര കൊറിയ പരീക്ഷിച്ച ബോംബ് ഇതുവരെ പരീക്ഷിച്ചതില്‍ ഏറ്റവും വീര്യമേറിയതാണെന്നും സൂചനകളുണ്ട്. ഈ ബോംബിന് വലിയൊരു ഭൂഭാഗം നശിപ്പിക്കാന്‍ ശേഷിയുണ്ടെന്നാണ് ശാസ്‌ത്രജ്ഞര്‍ പറയുന്നത്. ശക്തിയേറിയ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തര കൊറിയയുടെ കൈവശമുണ്ടെന്നാണ് സൂചന. ഏതായാലും തുടര്‍ച്ചയായുള്ള ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണത്തെ ആശങ്കയോടെയാണ് ലോക രാജ്യങ്ങള്‍ നോക്കി കാണുന്നത്.