ഹൈദരാബാദ്: അഹിന്ദുക്കളുടെ മതാചാരങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത് തിരുമല തിരുപ്പതി ട്രസ്റ്റ് ജീവനക്കാര്‍. തിരുമല തിരുപതി ദേവസ്ഥാനത്തില്‍(ടിടിഡി) 44 അഹിന്ദു ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ പിരിച്ചുവിടാത്തതെന്തുകൊണ്ടെന്ന ചോദ്യമുന്നയിച്ച് ദേവസ്വം നോട്ടീസ് ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് എല്ലാ ജീവനക്കാരും അഹിന്ദുക്കളുടെ മതാചാരങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നുള്ള പ്രതിജ്ഞ എടുത്തത്.
ദേവസ്ഥാനത്തിന് കീഴില്‍ സ്ത്രീകളും പുരുഷന്മാരുമായി 44 അഹിന്ദുക്കള്‍ ജോലി ചെയ്യുന്നതായി ടിടിഡി വിജിലന്‍സ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് തലവന്‍ അകെ രവി കൃഷ്ണ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 1989 വരെ ടിടിഡിയില്‍ ജോലിയ്‌ക്കെടുക്കുന്നതിന് നിബന്ധനകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ 1989 മുതല്‍ 2007 വരെ ഹിന്ദുവിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു അധ്യാപകേതര ജോലിയ്ക്ക് പ്രവേശനം നല്‍കിയിരുന്നത്.
എന്നാല്‍ 2007 ലെ ഭേദഗതി പ്രകാരം അധ്യാപക അധ്യാപകേതര മേഖലകളില്‍ ഹിന്ദുക്കള്‍ക്ക് മാത്രമായി പ്രവേശനം ചുരുക്കി. തുടര്‍ന്ന് ടിടിഡിയിലെ അഹിന്ദുക്കള്‍ എന്തുകൊണ്ട് ജോലി ഉപേക്ഷിക്കുന്നില്ലെന്നും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നില്ലെന്നും വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രതിജഞ.
