കോഴിക്കോട്: ഒടുവില്‍ പി വി അന്‍വര്‍ എംഎല്‍ക്കെതിരെ നടപടി തുടങ്ങി. മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ എംഎല്‍എ നടത്തിയ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റാനുള്ള നടപടികള്‍ മലപ്പുറം ജില്ലാ ഭരണകൂടം തുടങ്ങി. നിയമലംഘനത്തില്‍ വിശദീകരണം ബോധിപ്പിക്കാന്‍ എംഎല്‍എക്ക് പെരിന്തല്‍മണ്ണ സബ്കളക്ടര്‍ നോട്ടീസ് നല്‍കി.
ചീങ്കണിപാലയില്‍ എംഎല്‍എ നടത്തിയ നിയമലംഘനങ്ങള്‍ ഒരാഴ്ചയായി തുടരുന്ന വാര്‍ത്താ പരമ്പരയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടിക്കാട്ടിയിരുന്നു. ചീങ്കണ്ണിപ്പാലയിലെ മലയിടിച്ച് തടയണ നിര്‍മ്മിച്ചും, പഞ്ചായത്തിന്‍റെ അനുമതിയില്ലാതെ റോപ് വേ നിര്‍മ്മിച്ചും എംഎല്‍എ നിയമത്തെ വെല്ലുവിളിച്ചിരുന്നു. 2015ല്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്നത്തെ നിലമ്പൂര്‍ ഡിഎഫ്ഒ സ്ഥലം സന്ദര്‍ശിച്ച് അനധികൃത നിര്‍മ്മാണത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.
നിയമലംഘനം വീണ്ടും വിവാദമായതോടെയാണ് മലപ്പുറം ജില്ലാകളക്ടര്‍ ഇടപെട്ട് തടയണ പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതിന്‍റെ ആദ്യപടിയെന്ന നിലക്കാണ് എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള തീരുമാനം.ഇതിനായി പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടര്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച വൈകുന്നരേം ആര്‍ഡിഒ ഓഫീസില്‍ ജലസേചന ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഇതിനിടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ സബ്കളക്ടര്‍ പി വി അന്‍വര്‍ എംഎല്‍എക്ക് നോട്ടീസ് അയച്ചു.
ചീങ്കണ്ണിപാലയിലെ അനധികൃത നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് നാളെ സബ്കളക്ടറുടെ ചേംബറില്‍ നടക്കുന്ന വിചാരണക്ക് നിര്ഡബന്ധമായും ഹാജരാകണമെന്നും അല്ലാത്ത പക്ഷം ഒന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സബ്കളകളക്ടര്‍ അറിയിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയില്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് എംഎല്‍എക്കെതിരെ ഉയര്‍ന്ന നിയമലംഘനങ്ങളെ കുറിച്ചും അന്വേഷണം തുടങ്ങി. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
