തിരുവനന്തപുരം: വിചാരണ നേരിടാന്‍ കോടതിയിലെത്തി മടങ്ങും വഴി കൊടും കുറ്റവാളി പോലീസിവെ വെട്ടിച്ച് കടന്നു. എറളാകുളം ബിജു എന്ന കൊടും കുറ്റവാളിയാണ് പോലീസിനെ വെട്ടിച്ച് സുഹൃത്തിനൊപ്പം ബൈക്കില്‍ രക്ഷപ്പെട്ടത്. ഇയാള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. 110 ഓളം കേസുകളിലെ പ്രതിയാണ് ബിജു. നിരവധി കേസിലെ പ്രതിയായ പറക്കുംതളിക ബൈജു എന്നയാളാണ് ബിജുവിനെ രക്ഷപ്പെടുത്തിയത്.

ജീവപര്യന്ത തടവുകാരനാണ് ബിജു. മറ്റൊരു കേസിന്റെ വിചാരണ നേരിടാന്‍ കോടതിയിലെത്തി മടങ്ങുംവഴിയാണ് കാട്ടാക്കട ഉറിയാക്കോട് കത്തിപ്പാറ അണിയറത്തല പുത്തന്‍വീട്ടില്‍ ആര്‍.ബിജു എന്ന എറണാകുളം ബിജു രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയോടെ രണ്ടു പൊലീസുകാരോടൊപ്പം നെയ്യാറ്റിന്‍കര മജിസ്‌ട്രേട്ട് കോടതിയില്‍നിന്നു ജയിലിലേക്കു മടങ്ങുമ്പോഴാണ് രക്ഷപ്പെട്ടത്. മുന്‍കൂട്ടി ധാരണയുണ്ടാക്കിയാണ് രക്ഷപ്പെടലെന്ന് വ്യക്തമാണ്.

ബിജുവിന്റെ ഒരു കയ്യില്‍ മാത്രമേ വിലങ്ങ് ധരിച്ചിരുന്നൊള്ളൂ. രാവിലെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് എആര്‍ ക്യാംപിലെ രണ്ടു പൊലീസുകാരെത്തിയാണ് ഇയാളെ കോടതിയില്‍ എത്തിച്ചത്. ഇവരെ കബളിപ്പിച്ച് ഓടി രക്ഷപ്പെടുന്നതും പോലീസ് പിന്നാലെ ഓടുന്നതും സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

രക്ഷകനായി എത്തിയ യുവാവ് നേരത്തേ കോടതി പരിസരത്തുണ്ടായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്ന അയാള്‍ പൊലീസുകാര്‍ക്കൊപ്പം നടന്നുനീങ്ങിയ ബിജുവിനു മുന്‍പേ പോയി ബസ് സ്‌റ്റേഷന്‍ പരിസരത്തു കാത്തുനില്‍ക്കുകയായിരുന്നു. ഒരു കയ്യില്‍ വിലങ്ങുമായി തിരക്കേറിയ റോഡിലൂടെ ഒരാള്‍ ഓടുന്നതു പലരും കണ്ടെങ്കിലും ആരും തടയാന്‍ ശ്രമിക്കാത്തത്് ബിജുവിന് രക്ഷയായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസിലാണ് ഇയാളെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.