ദില്ലി: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്‍റെ വളര്‍ത്തുകള്‍ ഹണിപ്രീത് ഇന്‍സാനെതിരെ ഹരിയാന പൊലീസിന്‍റെ ലുക്കൗട്ട് നോട്ടീസ്. ബലാല്‍സംഗക്കുറ്റത്തിന് ശിക്ഷിച്ച റാം റഹീമിനെ ജയിലിലേക്ക് കൊണ്ടു പോകും വഴി ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് നടപടി

ദേരാ സച്ച സൗദയുടെ തലവനായി ഹണിപ്രീതിനെ പരിഗണിക്കുന്നുവെന്ന് വാര്‍ത്തകള്‍ക്കിടെയാണ് ഇവര്‍ക്കെതിരെ പൊലീസിന്‍റെ നടപടി. പഞ്ചകുള ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ മന്‍ബീര്‍ സിംഗാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചകാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ബലാല്‍സംഗക്കേസില്‍ റാം റഹീമിനെ കോടതി ശിക്ഷിച്ച ശേഷം ജയിലിലേക്ക് കൊണ്ടു പോകും വഴി ബലമായി പെലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

റാം റഹീമിനൊപ്പം കോടതിയിലെത്തിയ ഇസഡ് പ്ലസ് സുരക്ഷാവിഭാഗത്തില്‍പ്പെട്ട നാല് ഹരിയാന പോലീസുകാരുടേയും സ്വകാര്യ സുരക്ഷാ ജീവനക്കാരുടേയും സഹായത്തോടെയായിരുന്നുഇത്. റാംറഹീമിനെ കൊണ്ടു പോകുകയായിരുന്ന സ്കോര്പിയോ കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷമായിരുന്നു അട്ടിമറി ശ്രമം. 

ജാമര്‍ ഘടിപ്പിച്ച കാറിലായിരുന്നു പ്രതികള്‍ സഞ്ചരിച്ചിരുന്നത്. കാറില്‍ നിന്നിറങ്ങിയ സംഘം തോക്ക് ചൂണ്ടി റാം റഹീമിനെ വാഹനത്തില്‍ നിന്നിറക്കാന്‍ ആവശ്യപ്പെട്ടു. റാം റഹീമിനാൊപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിനെ എതിര്‍ത്തോടെ സംഘര്‍ഷമായി. സംഘത്തിലുണ്ടായിരുന്ന ഒരു ഐജിക്കെതിരെ പ്രതികള്‍ നിറയൊഴിക്കാന് ശ്രമിച്ചെന്നും റിപ്പോര്‍ട്ടുണ്ട് ഇതിടെ ഇവര്‍ക്ക് അകന്പടിയായി വന്ന സൈനികരും രംഗത്തെത്തി.

തുടര്‍ന്ന് പ്രതികളെ ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്ന് തന്നെ വധശ്രമത്തിനുള്‍പ്പെടെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇവരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഹണിപ്രീത് ഒളിവിലാണ്. പ്രിയങ്കാ തനേജ എന്നാണ് ഹണിപ്രീതിന്‍റെ യഥാര്‍ഥ പേര്. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി ഇവര് റാം റഹീമിനെ സമീപിക്കുന്നതോടെയാണ് ഹണിപ്രീത് ദേരാ ആശ്രമവുമായി അടുക്കുന്നത്.