ദില്ലി: ഇനി തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പറിനും പോര്‍ട്ടബിലിറ്റി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടര്‍ പട്ടിക ഒരു ഡാറ്റാബേസിലേക്ക് മാറ്റുന്നതോടെ താമസം മറ്റൊരു സംസ്ഥാനത്തേക്ക് മാറിയാലും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ മാറ്റേണ്ടി വരില്ല. ദേശീയ തലത്തിലുള്ള ഏകജാലക സംവിധാനം പൂര്‍ണമായും ഓണ്‍ലൈന്‍ ആയി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു.
നിലവില്‍ ഓരോ സംസ്ഥാനവും അതത് സംസ്ഥാനത്തെ വോട്ടര്‍മാരുടെ വിവരങ്ങള്‍ മാത്രമുള്ള ഇലക്ടറല്‍ റോള്‍ മാനേജ്മെന്‍റ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഈ മാസം അവസാനത്തോടെ രാജ്യമെമ്പാടുമുള്ള വോട്ടര്‍മാരുടെ വിവരങ്ങള്‍ ഒറ്റ സോഫ്‌റ്റ്‌വെയര്‍ ആകും കൈകാര്യം ചെയ്യുക. ERO NET എന്ന ഈ സംവിധാനം പൂര്‍ണമായും ഓണ്‍ലൈന്‍ ആയി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു.
എല്ലാ സംസ്ഥാനത്തെയും വിവരങ്ങള്‍ ഒറ്റ ഡാറ്റാബേസിലേക്ക് വരുന്നതോടെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറിയാലും ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ മാറ്റേണ്ടി വരില്ല. വിലാസം അടക്കമുള്ള വിവരങ്ങള്‍ തിരുത്താന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാം. പുതിയ വിലാസത്തിലെ വെരിഫിക്കേഷന് ശേഷം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. രാജ്യവ്യാപകമായി ഇരട്ടിപ്പുള്ള വോട്ടുകള്‍ നീക്കം ചെയ്യുന്നത് എളുപ്പമാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകൂട്ടല്‍.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരിച്ചറിയല്‍ കാര്‍ഡില്‍ തിരുത്തല്‍ വരുത്താനുമെല്ലാം NVSP.IN എന്ന വെബ്സൈറ്റ് ഉപയോഗിക്കാം. CEO.KERALA.GOV.IN എന്ന സൈറ്റിലെ NVSP.IN എന്ന ലിങ്ക് വഴിയും അപേക്ഷ നല്‍കാം. അപേക്ഷയില്‍ സ്വീകരിക്കുന്ന നടപടികള്‍ മൊബൈല്‍ നോട്ടിഫിക്കേഷന്‍ വഴി അപ്പപ്പോള്‍ അറിയിക്കും.
