മുംബൈ ഭീകരാക്രമണത്തിൽ ഗുരുതര പരിക്കേറ്റ മനീഷ് ശാരീരിക സ്ഥിതി ഭേദപ്പെട്ടപ്പോള്‍ മുതല്‍ മുടങ്ങാതെ അയ്യപ്പ ദർശനത്തിനെത്താറുണ്ട്
പത്തനംതിട്ട: മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികളുടെ വെടിയേറ്റ് പരിക്കേറ്റ എന്‍ എസ് ജി കമാന്‍ഡോ പി വി മനീഷ് സന്നിധാനത്ത് ദര്‍ശനം നടത്തി. പമ്പയിൽ നിന്ന് കാല്‍നടയായാണ് മനീഷ് ദര്‍ശനത്തിനെത്തിയത്. മുംബൈ ഭീകരാക്രമണത്തിൽ ഗുരുതര പരിക്കേറ്റ മനീഷ് ശാരീരിക സ്ഥിതി ഭേദപ്പെട്ടപ്പോള്‍ മുതല്‍ മുടങ്ങാതെ അയ്യപ്പ ദർശനത്തിനെത്താറുണ്ട്.
മുൻപ് സഹപ്രവർത്തകരുടെ ചുമലില്‍ പിടിച്ചായിരുന്നു മല കയറിയിരുന്നത്. എന്നാല്‍ ഇക്കുറി പമ്പയിൽ നിന്ന് നടന്നാണ് വന്നത്. സന്നിധാനത്തെ നിയന്ത്രണങ്ങളൊന്നും ദർശനത്തെ ബാധിച്ചില്ലെന്ന് മനീഷ് പറഞ്ഞു. ഇപ്പോഴും മനീഷ് ചികിത്സ തുടരുന്നുണ്ട്. ആരോഗ്യം പൂർണമായും വീണ്ടെടുത്താൽ ജോലിയിൽ പ്രവേശിക്കാനാകുമെന്ന പ്രത്യാശയിലാണ് ഇദ്ദേഹം. കണ്ണൂർ അഴീക്കോട് സ്വദേശിയാണ് മനീഷ്.
