കേരളത്തിലെ തെരുവു നായ ശല്യത്തെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മീഷനാണ് സംസ്ഥാനത്ത് തെരുവുനായ്‌ക്കളുടെ എണ്ണം യുദ്ധകാലാടിസ്ഥാനത്തില്‍ കുറക്കണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വന്ധ്യംകരണം കൊണ്ട് മാത്രം നായ്‌ക്കളുടെ എണ്ണം കുറക്കാന്‍ പറ്റില്ല,വന്ധ്യംകരണം കൊണ്ട് നായ്‌ക്കളുടെ എണ്ണം കുറക്കാന്‍ ചുരുങ്ങിയത് നാല് വര്‍ഷമെങ്കിലുമെടുക്കുമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപകാല സര്‍വ്വേ പ്രകാരം 85 ശതമാനം പേരും നായ്‌ക്കളെ ഉടന കൊല്ലണമെന്ന അഭിപ്രായക്കാരാണ്. ആക്രമണം വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ തന്നെ പരസ്യമായി തെരുവുനായ്‌ക്കളെ കൊല്ലുന്ന സ്ഥിതിയുണ്ടായി.

തെരുവുനായ ശല്യം സര്‍ക്കാരിന്റെ സാമ്പത്തിക നിലിയില്‍ വന്‍ ക്ഷതമേല്‍പ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. പേ വിഷബാധക്കുള്ള മരുന്ന് സര്‍ക്കാര്‍, അവശ്യമരുന്നുകളുടെ പട്ടികയില്‍ പുനഃസ്ഥാപിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. കമ്മീഷന് അടിസ്ഥാന സൗകര്യം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്നും സിരിജഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. പൂജാ അവധിക്ക് ശേഷം സുപ്രീം കോടതി റിപ്പോര്‍ട്ട് പരിഗണിക്കും.