തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തി വരുന്ന സമരത്തില്‍ നിന്ന് ഈ മാസം 27 വരെ പിന്‍മാറണമെന്ന് സര്‍ക്കാര്‍. ശമ്പള വര്‍ദ്ധന എന്ന ആവശ്യത്തോട് അനുകൂലസമീപനം പുലര്‍ത്തുന്ന ആശുപത്രികളില്‍ സമരം നിര്‍ത്താന്‍ തയ്യാറെന്ന് നഴ്‌സുമാര്‍ അറിയിച്ചു. സംസ്ഥാനത്ത് പനി വ്യാപകമായ സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ നഴ്‌സുമാരുടെ സമരം സ്വാകര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് മന്ത്രി വി എസ് സുനില്‍ കുമാറിന്റെ മധ്യസ്ഥതയില്‍ നഴ്‌സുമാരുമായി ചര്‍ച്ച നടന്നത്.നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നാണ് വിലയിരുത്തലെന്നും എന്നാല്‍ സര്‍ക്കാരുമായി ഈ മാസം 27ന് ചര്‍ച്ച നടക്കും വരെ സമരം നിര്‍ത്തിവെക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.സര്‍ക്കാരിന്റെ ആവശ്യത്തോട് അനുകൂലമായാണ് നഴ്‌സുമാര്‍ പ്രതികരിച്ചിരിക്കുന്നത്.

തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായ ആശുപത്രികളില്‍ സമരം നിര്‍ത്താന്‍ നഴ്‌സുമാര്‍ തയ്യാറാണ്.ഇക്കാര്യത്തെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നു അടിയന്തിര യോഗം ചേരും. സമരം നടക്കുന്ന 44 ആശുപത്രികളില്‍ പകുതിയും നഴ്‌സുമാരുടെ ആവശ്യത്തോട് അനുകൂലസമീപനമാണ് കൈക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന.