തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം തുടരും.ശമ്പള വര്‍ദ്ധന അംഗീകരിക്കാൻ തയ്യാറായ ദയാ ജനറല്‍ ആശുപത്രിയിലെ സമരം പിൻവലിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന ആശുപ്ത്രികളിലും ഉടൻ സമരം അവസാനിപ്പിക്കാൻ നഴ്സുമാരുടെ സംഘടന തീരുമാനിച്ചു.


ഇരുപത്തിയേഴിന് സര്‍ക്കാരുമായി ചര്‍ച്ച നടക്കും വരെ തൃശൂര്‍ ജില്ലയിലെ സമരത്തില്‍ നിന്ന് നഴ്സുമാര്‍ പിൻമാറണമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് നഴ്സുമാരുടെ സംഘടന അടിയന്തിര യോഗം ചേര്‍ന്നത്.എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിൻമാറേണ്ടതില്ലെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഇടക്കാലാശ്വാസം 50 ശതമാനത്തിന് മേലെ വർദ്ധിപ്പിച്ച് കരാർ ഒപ്പിട്ട തൃശൂർ ദയ ജനറൽ ആശുപത്രിയിൽ സമരം പിൻവലിക്കാൻ യോഗം തീരുമാനിച്ചു. ഉച്ചമുതൽ ഇവിടെ ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു.മറ്റ് ആശുപത്രികളുമായും ചര്‍ച്ച നടക്കുന്നുണ്ട്.


ബഹുഭൂരിഭാഗം മാനേജ്മെന്റുകളും സമരം തീർപ്പാക്കാൻ താലപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് സൂചന. വർഷകാല രോഗ പ്രതിരോധത്തിനായി സമര നാളുകളിൽ രംഗത്തിറങ്ങാനാണ് യുഎൻഎ തീരുമാനം.