ദില്ലി: സൗദിയില്‍ അടക്കം ജോലി വാഗ്ദാനം ചെയ്ത് രാജ്യത്തെ വിവിധ ഇടങ്ങളില്‍ സ്വകാര്യ ഏജന്‍സികളുടെ അനധികൃത റിക്രൂട്ട്മെന്‍റ് ശ്രമം. വിദേശരാജ്യങ്ങളുടെ ഔദ്യോഗിക റിക്രൂട്ട്മെന്‍റിന്‍റെ മറവിലാണ് ഏജന്‍സികളുടെ തട്ടിപ്പ്. ദില്ലിയില്‍ നൂറ് കണക്കിന് മലയാളി നഴ്സുമാരുടെ ലക്ഷങ്ങള്‍ തട്ടിച്ചു.

സൗദിയിലെ ആശുപത്രികളില്‍ ജോലി വാഗ്ദാനം ചെയ്ത് നഴ്സിങ് റിക്രൂട്ടമെന്‍റ് സംഘടിപ്പിച്ച ഹെവന്‍സ് ഏജന്‍സി മാനേജര്‍ സണ്ണി ആണ് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറ കണ്ടയുടനെ രക്ഷപെട്ടത്. ഒന്നര ലക്ഷം വരെ ശബളം വാഗ്ദാനം ചെയ്താണ് ദില്ലി ഒക്ല്ലയിലെ സ്വകാര്യ ഹോട്ടലില്‍ ഉദ്യോഗാര്‍ത്ഥികള്‍കളെ ക്ഷണിച്ചത്.

സൗദിയിലെ ആശുപത്രികളിലേക്ക് സൗദി ഭരണകൂടം തന്നെ നടത്തുന്ന ഔദ്യോഗിക റിക്രൂട്ട്മെന്‍റിന്‍റെ മറവിലായിരുന്നു റിക്രൂട്ട്മെന്‍റ് ശ്രമം. പതിനായിരം മുതല്‍ നാലര ലക്ഷം രൂപ വരെ ഏജന്‍സി ഫീസ് ഈടാക്കിയായിരുന്നു റിക്രൂട്ടമെന്‍റ്. എന്നാല്‍ റിക്രൂട്ട്മെന്‍റിന് എത്തിയ ഭൂരിഭാഗം ഉദ്യോഗാര്‍ത്ഥികളെയും ഒഴിവില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.

നോര്‍ക്കയ്ക്കും ഒഡിപിസിക്കും ഒഴികെ വിദേശകാര്യമന്ത്രാലയത്തിന്‍റെ കംപ്ലീറ്റ് സ്പെസിഫിക് ഓര്‍ഡര്‍ അഥവാ സിഎസ്ഒ ഉള്ള 17 ഏജന്‍സികള്‍ക്ക്‍ മാത്രമാണ് റിക്രൂട്ട്മെന്‍റ് അനുമതി. എന്നാല്‍ ഇത് എല്ലാം അട്ടിമറിച്ചായിരുന്നു ചില ഏജന്‍സികളുടെ നീക്കം. നോര്‍ക്ക അടക്കമുള്ള അംഗീകൃത ഏജന്‍സികളുടെ കാലതാമസമാണ് ഉദ്യോഗാര്‍ത്ഥികളെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്.