ഐ എൻ എയുടെ നേതൃത്വത്തിൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നേരിടാൻ ജില്ലാ ഭരണകൂടം നിയോഗിച്ച നഴ്സിംഗ് വിദ്യാർത്ഥികൾ ഇന്ന് സ്വകാര്യ ആശുപത്രികളിൽ സേവനത്തിനെത്തും. പത്ത് ആശുപത്രികളിലായി നൂറ്റിയൻപതോളം വിദ്യാർത്ഥികളാണെത്തുന്നത്. ആശുപത്രികൾക്ക് മുൻപിൽ നഴ്സുമാർ സമരം തുടരുന്ന സാഹചര്യത്തിൽ പൊലീസ് സുരക്ഷയിലാണ് ഇവരെ എത്തിക്കുക. നേരിട്ട് രോഗികളെ പരിചരിക്കാതെ, പരിചയ സന്പന്നരുടെ മേൽനോട്ടത്തിൽ സഹായത്തിനായാണ് ഇവരെ നിയോഗിക്കുകയെന്ന് കളക്ടർ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം ഇവരെ തടയില്ലെന്ന് വ്യക്തമാക്കിയ ഐ.എൻ.എ ജനകീയ മാർച്ച് അടക്കമുള്ള ശക്തമായ സമരത്തിലേക്ക് നീങ്ങുകയാണ്.