തിരുവനന്തപുരം: തെക്കന്‍ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തി ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക് നീങ്ങുന്നു. ഇന്നലെ രാത്രിയോടെ കന്യാകുമാരിക്ക് സമീപം രൂപം കൊണ്ട ഓഖിയുടെ സാന്നിധ്യം മൂലം ഇന്ത്യയുടെ കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളുടെ തെക്ക് ഭാഗത്ത് കനത്തമഴയാണ് രേഖപ്പെടുത്തിയത്.
തമിഴ്‌നാട്ടിലെ കന്യാകുമാരി, നാഗര്‍കോവില്‍ ജില്ലകളിലും തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ ജില്ലകളിലും കനത്ത മഴയ്ക്ക് കാരണമായിട്ടുണ്ട്. ഉപഗ്രഹചിത്രങ്ങള്‍ നല്‍കുന്ന സൂചനകളുനസരിച്ച് വ്യാഴാഴ്ച്ച രാവിലെ കന്യാകുമാരിക്ക് തെക്കു ഭാഗത്തായിരുന്ന ഓഖി ചുഴലിക്കാറ്റ് ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരത്തിന് അറുപത് കിലോമീറ്റര്‍ അകലെ പടിഞ്ഞാറ് ഭാഗത്തേക്ക് വന്നു. വൈകുന്നേരം ഏഴ് മണിയോടെ തിരുവനന്തപുരത്തിന് 143 കി.മീറ്റര്‍ അകെലയാണ് ഓഖിയുള്ളത്.
കന്യാകുമാരിയില്‍ നിന്നും കേരളത്തിന് സമാന്തരമായി പടിഞ്ഞാറ് ദിശയില്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കിയാണ് ഓഖി നീങ്ങുന്നത്. വെള്ളിയാഴ്ച്ച രാത്രി എട്ട് മണിയോടെ ലക്ഷദ്വീപിലെ കവരത്തി ദ്വീപിനെ ഓഖി സ്പര്‍ശിക്കും എന്നാണ് പ്രവചനം.
