തിരുവനന്തപുരം: ഓഖി കേരളതീരം വിട്ട് രണ്ട് ദിവസമായിട്ടും ആശങ്കയും ദുരിതവും ഒഴിയുന്നില്ല. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് മരണ സംഖ്യ ഉയരുന്നു. ഇന്ന് മരിച്ചവരുടെ എണ്ണം ഏഴായി. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ആറ് പേര്‍ ഇന്നലെ മരിച്ചിരുന്നു. മത്സ്യബന്ധനത്തിന് പോയ 105 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.  15 പേരെ സര്‍ക്കാര്‍ ഇന്ന് രക്ഷപ്പെടുത്തി. 

അതേസമയം കേരളത്തില്‍ മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നാളെയും മഴ തുടരാനാണ് സാധ്യത. ലക്ഷദ്വീപില്‍ നാശനഷ്ടങ്ങള്‍ കൂടാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. കടല്‍ ഇന്നും പ്രക്ഷ്ബുധമായി തുടരും. 

നാവികസേനയും തീരദേശ സംരക്ഷണ സേനയും നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനിടെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചലില്‍ മറ്റൊരാളുടെ മൃതശരീരം കിട്ടി . കൊച്ചി ചെല്ലാനത്ത് വെള്ളക്കെട്ടില്‍ വീണ് റിക്‌സ്ന്‍
എന്നയാളും കണ്ണൂരില്‍ ആയിക്കരയില്‍ ഹൈമാസ് ലൈറ്റ് വീണ് പവിത്രന്‍ എന്നയാളും മരിച്ചു. തീരത്ത് കണ്ണീരും പ്രതിഷേധവും തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്നു. എത്ര പേര്‍ തിരിച്ചെത്താനുണ്ടെന്ന കണക്കില്‍ അവ്യക്തതയുണ്ട്. കണക്കെടുക്കാന്‍ കലക്ടര്‍മാര്‍ വില്ലേജ് ഓഫീസര്‍ക്ക് നിദ്ദേശം നല്‍കി.

ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്ക് പറ്റിയവര്‍ക്ക് 20,000 രൂപയും ധനസഹായം സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. തീരദേശ മേഖലകളില്‍ ഒരാഴ്ച്ച സൗജന്യ റേഷന്‍ നല്‍കും. ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരത്തുക അനുവധിക്കും. സൗജന്യ വൈദ്യസഹായവും ഭക്ഷണവും ആശുപത്രികളില്‍ സജ്ജമാണ്. വീട് നഷ്ടപ്പെട്ട 520 കുടുംബങ്ങളെ മുപ്പത് ക്യാമ്പുകളിലായി പാര്‍പ്പിച്ചിരിക്കുന്നു. ഇവര്‍ക്ക് മരുന്ന് വിതരണം നടത്തി. ആരോഗ്യവകുപ്പ് തീരപ്രദേശത്ത് ക്യാമ്പ് ചെയ്ത് വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിചേര്‍ന്ന നാവിക-കര സേനകള്‍ക്കും മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രകൃതി ദുരന്തത്തില്‍ മാധ്യമങ്ങള്‍ ക്രിയാത്മകമായി സഹകരിച്ചെന്നും മുഖ്യമന്ത്രി. 

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍  കുടുങ്ങിയ 450 ഓളം മത്സ്യത്തൊഴിലാളികള്‍   രക്ഷാപ്രവര്‍ത്തനത്തിലൂടെയും അല്ലാതേയും കേരള തീരത്ത് മടങ്ങിയെത്തി. കടലില്‍  കുടുങ്ങിയവരെ കരയിലെത്തിക്കാന്‍ തീവ്രശ്രമവുമായി നാവിക, വ്യോമ, തീര സംരക്ഷണസേനകളുടെ ഓപ്പറേഷന്‍  സിനര്‍ജി രണ്ടാം ദിവസവും തുടര്‍ന്നു. ഇന്ന് മാത്രം ഇതു വരെ  37  പേരെ കരയിലെത്തിച്ചു. 

അതേസമയം കടലില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ കഴക്കൂട്ടത്ത് ദേശീയപാത ഉപരോധിച്ചു.  5 മണിക്കൂര്‍ പിന്നിട്ട  ഉപരോധം മൂലം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കാണ്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ കളക്ടറും കമ്മീഷണറും സ്ഥലത്തെത്തി. 

തകര്‍ത്തത് എട്ട് ജില്ലകളെ, എട്ട് കോടിയുടെ നാശനഷ്ടം

ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഇതുവരെ 8 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റവന്യുവകുപ്പിന്റെ പ്രാഥമിക കണക്ക്.  529 കുടുംബങ്ങളെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.  തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ , ഇടുക്കി , എറണാകുളം , തൃശൂര്‍ , മലപ്പുറം , കോഴിക്കോട് എന്നിങ്ങനെ എട്ട് ജില്ലകളിലാണ് ഓഖി നാശം വിതച്ചത്.  56 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

679 വീടുകള്‍ക്ക് ഭാഗികമായി കേടുപറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി 83 പേര്‍ ചികില്‍സയിലുണ്ട് . സംസ്ഥാനത്താകെ ഇതുവരെ 30 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. സങ്കടക്കഥകള്‍ മാത്രമാണ് ക്യാമ്പിലുള്ളവര്‍ക്ക് പറയാനുള്ളത്.
ക്യാമ്പുകളില്‍ സൗജന്യ ഭക്ഷണവും മരുന്നും നല്‍കും . തീരദേശത്ത് ഒരാഴ്ച സൗജന്യ റേഷന്‍ അനുവദിച്ചു. ചുഴലിക്കാറ്റില്‍ കെഎസ്ഇബിക്കും വലിയ നഷ്ടമാണുണ്ടായത്. നാലുകോടിക്കടുത്ത് നഷ്ടം ഉണ്ടായെന്നാണ് വൈദ്യുതിവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

കണ്ണീരിലാണ്ട് തീരദേശം

ഓഖിയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍  വ്യാപക കടല്‍ ക്ഷോഭം. കൊല്ലം മുതല്‍  തൃശൂര്‍ വരെയുള്ള ജില്ലകളിലെ നൂറ് കണക്കിന് തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. പശ്ചിമ കൊച്ചിയില്‍ ആണ് ഏറ്റവും രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെട്ടത്. രാത്രി തുടങ്ങിയ ശക്തമായ വേലിയേറ്റം ഒരു ദിവസം നീണ്ടുനിന്നു.

ആറ് മീറ്ററോളം ഉയര്‍ന്ന തിരമാലകള്‍ കടല്‍ഭിത്തി ഭേദിച്ച് ജനവാസ മേഖലയിലേക്ക് ആഞ്ഞടിച്ചതോടെ ജനങ്ങള്‍ ഭീതിയിലായി. കടലാക്രമണത്തില്‍ വൈപ്പിന്‍ പ്രദേശത്ത് 6 വീടുകള്‍ തകര്‍ന്നു. മുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

കൊച്ചി ചെല്ലാനത്ത് വീടുകളിലും റോഡുകളിലും വെള്ളം കയറിയോടെ തീരദേശ മേഖലയിലെ ജനങ്ങള്‍ ഒറ്റപ്പെട്ടു. കടല്‍ഭിത്തി തകര്‍ന്ന ഇടങ്ങളിലൂടെ ശക്തമായി കടല്‍വെള്ളം അടിച്ച് കയറിയതാണ് മേഖലയെ പ്രതിസന്ധിയിലാക്കിയത്. ഉപ്പുവെള്ളം കയറി വീട്ടുസാധനങ്ങളെല്ലാം നശിച്ചു. നാനൂറോളം കുടുംബങ്ങളെ ഈ മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഉച്ചയ്ക്ക് ശേഷം വേലിയിറക്കം ആരംഭിച്ചതോടെ വെള്ളം ഇറങ്ങാന്‍ തുടങ്ങിയത് ജനങ്ങള്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, എറിയാട്, ചാവക്കാട്, വാടാനപ്പള്ളി മേഖലകളിലും ശക്തമായ കടല്‍ക്ഷോഭമുണ്ടായി. കൊടുങ്ങല്ലൂരില്‍ നൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളിലും കടല്‍ പ്രക്ഷുബ്ധമായിരുന്നു.