കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കുള്ള നേവി, കോസ്റ്റ്ഗാര്‍ഡ് സംഘങ്ങളുടെ തെരച്ചില്‍ പത്താം ദിവസവും തുടരുന്നു. ലക്ഷദ്വീപില്‍ നിന്നും മലയാളികളടക്കം അമ്പതോളം പേരുമായി എംവി കവരത്തി എന്ന കപ്പല്‍ കൊച്ചിയിലെത്തി. രണ്ട് മലയാളികയും 45 തമിഴ്നാട്ടുകാരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. വിഴിഞ്ഞം സ്വദേശി സച്ചിന്‍ ജോസഫ്, അഞ്ചുതെങ്ങ് സ്വദേശി സെന്‍ട്ടണ്‍ ആരോഗ്യദാസ് എന്നിവരാണ് തിരിച്ചെത്തിയത്.

ഓഖിയെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍പ്പെട്ട മത്സ്യ തൊഴിലാളികള്‍ക്കായി നേവിയുടെ 12 കപ്പലുകളാണ് ഇന്നും പരിശോധന നടത്തുന്നത്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ആറ് വീതം കപ്പലുകളാണുള്ളത്. രണ്ട് ദിവസമായി തെരച്ചില്‍ നടത്തുന്ന നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനിയെന്ന കപ്പല്‍ കഴിഞ്ഞ ദിവസം ലക്ഷദ്വീപിനടുത്ത് 21 ബോട്ടുകളിലായി 180 പേരെ കണ്ടെത്തിയിരുന്നു. സ്വയം തീരത്തെത്തിക്കൊള്ളുമെന്ന് ഇവര്‍ അറിയിച്ചതായി നേവി അധികൃതര്‍ പറഞ്ഞു.

ഐഎന്‍ എസ് കല്‍പ്പേനി തെരച്ചിലിന്‍റെ മൂന്നാംദിവസമായ ഇന്ന് ബിത്ര, ആന്ത്രോത്ത് ദ്വീപുകള്‍ക്കടുത്താണ് തെരച്ചില്‍ നടത്തുകയാണ്. ഐഎന്‍എസ് ജമുന, ഐഎന്‍എസ് ശ്രദ്ധ എന്നീ കപ്പലുകള്‍ മിനിക്കോയ് , കവരത്തി ദ്വീപുകളില്‍ കുടിവെള്ളമടക്കമുള്ള അവശ്യവസ്തുക്കളും എത്തിക്കും. കഴിഞ്ഞ ദിവസം 21 ബോട്ടുകളിലായി 180 പേരെ പുറംകടലില്‍ കണ്ടെത്തിയിരുന്നു.