കോട്ടയം: സംസ്ഥാനത്തെ മീന്‍ മാര്‍ക്കറ്റില്‍ മത്തിക്കും അയലക്കും റെക്കോഡ് വില.ഓഖി ചുഴലിക്കാറ്റിന് ശേഷം കടല്‍മീനിന്റെ വരവ് കുറഞ്ഞത് മത്സ്യമാര്‍ക്കറ്റിനെ സാരമായി ബാധിച്ചു. ശബരിമല തീര്‍ത്ഥാടനകാലത്ത് മത്സ്യങ്ങളുടെ വില അല്‍പം കുറഞ്ഞിരിക്കുന്ന സമയത്താണ് ചുഴലിക്കാറ്റിനെ തുടര്‍‍ന്ന് മീനുകളുടെ വില കുതിച്ചുയര്‍ന്നത്.

മലയാളികളുടെ ഇഷ്‌ടമീനുകളായ മത്തിയും അയലയും കിട്ടാനില്ലാത്ത അവസ്ഥയാണ്. തിരുവനന്തപുരം, നീണ്ടകര, ആലപ്പുഴ കന്യാകുമാരി എന്നിടങ്ങളില്‍ നിന്നുള്ള മീനിന്റെ വരവ് നിലച്ചിരിക്കുകയാണ്. സാധാരണ വള്ളങ്ങളില്‍ പോകുന്ന ചില സംഘങ്ങള്‍ കൊണ്ടു വരുന്ന മീനും മുംബൈ കര്‍‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള മീനുമാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

മത്തിക്ക് 180ഉം അയലക്ക് ശരാശരി 250 രൂപ വരെയാണ് കിലോക്ക് ഇപ്പോഴത്തെ വില. ഐസിട്ട് ശേഖരിച്ച് വച്ചിരിക്കുന്ന മീനുകളാണ് ഇപ്പോള്‍ കുടുതലായുള്ളത്. കടല്‍ മീനുകളുടെ വില വര്‍ദ്ധച്ചതോടെ കായല്‍ മീനുകള്‍ക്ക് ആവശ്യക്കാരേറി.ക്രിസ്തുമസും പുതുവര്‍ഷവും മുന്നില്‍ കണ്ട് അടുത്ത രണ്ടാഴ്ചക്കുള്ളില്‍ മീന്‍മാര്‍ക്കറ്റ് സജീവമാകുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.