പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ ക്രമക്കേട് അനുവദിക്കില്ലെന്നും വിഷയം പാർട്ടി ജില്ലാ കമ്മിറ്റി ചർച്ച ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാരിനെതിരെ ജനവികാരമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരം: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ അയഞ്ഞ നിലപാടുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താനോ അതിൽ ക്രമക്കേട് കാട്ടാനോ ആരെയും അനുവദിക്കില്ലെന്നും, ഇത്തരം കാര്യങ്ങളിൽ പാർട്ടി ആർക്കും കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല. വിഷയത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി.

വാർത്താസമ്മേളനത്തിൽ പയ്യന്നൂർ ഫണ്ട് വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗം ചർച്ച ചെയ്യും. നടപടി വേണോ എന്നത് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണ്. ജില്ലാ കമ്മിറ്റി തന്നെ അത് തീരുമാനിക്കും. നിലവിൽ ജില്ലാ സെക്രട്ടറിക്ക് എല്ലാ കാര്യങ്ങളും ബോധ്യമുണ്ട്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിയുള്ളവർക്ക് പോലീസിനെ സമീപിക്കാവുന്നതാണ്. എന്നാൽ സംഘടനാപരമായ കാര്യങ്ങളിൽ മാധ്യമങ്ങൾ ഇടപെടേണ്ടതില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിൽ വിഷയം ജില്ലാ കമ്മിറ്റിയുടെ പരിധിയിലാണ്. സംസ്ഥാന കമ്മിറ്റി ഇടപെടേണ്ട സമയം വരുമ്പോൾ അക്കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂർ ഫണ്ട് വിവാദത്തിൽ കുഞ്ഞികൃഷ്ണന്റെ ആരോപണത്തിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താൻ ആരെയും അനുവദിക്കില്ല. ഈ വിഷയം ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും. സംസ്ഥാന കമ്മിറ്റി ഇടപെടേണ്ട സമയമാകുമ്പോൾ മാത്രം ഇടപെടും. നിലവിൽ ജില്ലാ സെക്രട്ടറിക്ക് കാര്യങ്ങൾ ബോധ്യമുണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. സംഘടനാപരമായ കാര്യങ്ങളിൽ മാധ്യമങ്ങൾ ഇടപെടരുതെന്നും ഒരു ക്രമക്കേടിനും പാര്‍ട്ടി കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരായാലും ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ട്, അത് ഇനിയും

ജനങ്ങൾക്കിടയിൽ സർക്കാരിനെതിരായ വികാരമില്ല

സിപിഎം സംസ്ഥാന വ്യാപകമായി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയിൽ നിന്ന് വ്യക്തമാകുന്നത് സർക്കാരിനെതിരായ വികാരം ജനങ്ങൾക്കിടയിൽ ഇല്ലെന്നതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇടതുമുന്നണിക്കെതിരെ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും ചേർന്ന് നടത്തുന്ന കള്ളക്കഥകൾ ജനങ്ങൾ തള്ളിക്കളയുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ചവർ പോലും ഇപ്പോൾ ഇടതുപക്ഷത്തിന് അനുകൂലമായി മാറി ചിന്തിക്കുന്നു. ജനങ്ങളുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാകും വരാനിരിക്കുന്ന പ്രകടന പത്രിക തയ്യാറാക്കുക. ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ കള്ളക്കഥകൾ പൊളിഞ്ഞു. മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ഈ ആയുധം നഷ്ടപ്പെട്ട അവസ്ഥയാണ്. തിരുവനന്തപുരത്തിന്റെ വികസനത്തിനായി ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കുമെന്ന് കൊട്ടിഘോഷിച്ച് വന്ന പ്രധാനമന്ത്രി ഒരു പ്രഖ്യാപനവും നടത്താതെ മടങ്ങിയത് നിരാശാജനകമാണ്.

കേരളത്തിന് അതിവേഗ പാത അത്യന്താപേക്ഷിതമാണ്. ഇതിനായി സാധ്യമായ എല്ലാ വഴികളും സർക്കാർ പരിശോധിക്കും. മതനിരപേക്ഷതയിൽ സിപിഎം വെള്ളം ചേർക്കില്ല. പൊതുസ്വീകാര്യതയില്ലാത്ത ഒരു നിലപാടും പാർട്ടി അംഗീകരിക്കില്ല. സജി ചെറിയാന്റെ പരാമർശമോ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോ പാർട്ടി നിർദ്ദേശപ്രകാരമല്ല. അദ്ദേഹത്തെ പാർട്ടി താക്കീത് ചെയ്തിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. സ്വർണ്ണക്കടത്ത് അന്വേഷണവും സോണിയ ഗാന്ധിയും: സ്വർണ്ണം വാങ്ങിയവരും വിറ്റവരും എന്തിനാണ് സോണിയ ഗാന്ധിയെ കണ്ടതെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. നിയമസഭയിൽ ചർച്ചയിൽ നിന്ന് യുഡിഎഫ് ഒളിച്ചോടിയത് ഈ ബന്ധം ചർച്ചയാകുമെന്ന് ഭയന്നാണെന്നും അദ്ദേഹം ആരോപിച്ചു.