കാസര്‍കോട്: ഓഖി ചുഴലി കൊടുംകാറ്റില്‍ കടലില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് ബേപ്പൂരില്‍ നിന്നും തിരച്ചിലിനായി ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കാണ് കാസര്‍ഗോഡിനും മംഗലാപുരത്തിനും ഇടയിലുള്ള പുറംകടലില്‍ നിന്നും അഴുകിയ നിലയിലുള്ള മൃതദേഹം ലഭിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തൊട്ടടുത്തതീരമായ കാസര്‍കോട് തളങ്കരയില്‍ മൃതദേഹം എത്തിച്ചു. ജില്ലാ ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. 

പുറംകടലില്‍ കണ്ട മൃതദേഹം ആദ്യം ചെറുവത്തൂര്‍ മടക്കര ഹാര്‍ബറില്‍ എത്തിക്കുവാനായിരുന്നു തീരുമാനം. എന്നാല്‍ എത്രയും പെട്ടെന്ന് മൃതദേഹം കരയിലെത്തിച്ചു മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തളങ്കരയില്‍ എത്തിക്കുന്നത്. മൃതദേഹം അഴുകിയതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കൊല്ലത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹമായിരിക്കാമെന്ന് അഭ്യൂഹമുണ്ട്. 

ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവുരുടെ എണ്ണം 74 ആയി. ഓഖിയില്‍ കടലില്‍ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 71 ബോട്ടുകള്‍ ഇന്നലെ തെരച്ചിലിന് പുറപ്പെട്ടിരുന്നു. 25 ബോട്ടുകള്‍ കൊല്ലത്ത് നിന്നും 22 എണ്ണം കോഴിക്കോട് നിന്നും 24 ബോട്ടുകള്‍ കൊച്ചിയില്‍ നിന്നുമാണ് യാത്ര തിരിച്ചത്. ഓരോ ബോട്ടിലും അഞ്ച് വീതം മത്സ്യതൊഴിലാളികളാണ് ഉള്ളത്. കടലില്‍ വിവിധ ഭാഗങ്ങളിലായി ഇവര്‍ തെരച്ചില്‍ നടത്തും. സഹായവുമായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടുകളും രക്ഷാ ദൗത്യത്തില്‍ പങ്കുചേരും. കോഴിക്കോട്ട് നിന്നും തെരച്ചിലിനിറങ്ങിയ സംഘമാണ് മൃതദ്ദേഹം കണ്ടെത്തിയത്.

തെരച്ചിലിന് പോകുന്ന ബോട്ടുകള്‍ക്കുള്ള ഡീസലും മറ്റ് ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓരോ ബോട്ടിനും 3000 ലിറ്റര്‍ വീതം ഡീസല്‍ സര്‍ക്കാര്‍ നല്‍കും. ഇതിന് പുറമേ തെരച്ചിലില്‍ പങ്കുചേരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിദിനം 800 രൂപ ബത്തയും നല്‍കും. രണ്ടേകാല്‍ കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഇതിനായി നീക്കി വച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിട്ടുള്ളത് കൊച്ചിയിലാണ്. ഒരു കോടി രൂപ.