ബംഗലൂരു: കര്‍ണാടക മുന്‍ മന്ത്രി ഗാലി ജനാര്‍ദ്ദന്‍ റെഡ്ഡി കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ച് ആത്മഹത്യ ഡ്രൈവര്‍ രമേശ് ചെയ്ത കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബംഗളുരു ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഭീമനായിക് ആണ് അറസ്റ്റിലായത്.ഭീമനായികിന്റെ മറ്റൊരു ഡ്രൈവറായ മുഹമ്മദിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കര്‍ണാടക മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ഗാലി ജനാര്‍ദ്ദന്‍ റെഡ്ഡി നൂറ് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന് കുറിപ്പെഴുതിയതിന് ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭീമ നായികിന്റെ ഡ്രൈവര്‍ രമേശ് ഗൗഡ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആത്മഹത്യ ചെയ്തത്.റെഡ്ഡിയുടെ പണം വെളുപ്പിച്ചതിന് ഭീമനായിക് ഇരുപത് ശതമാനം കമ്മീഷന്‍ വാങ്ങിയെന്നും ഇക്കാര്യങ്ങള്‍ അറിയാവുന്ന തന്നെ ഭീഷണിപ്പെടുത്തിയെന്നും രമേശ് പതിനാല് പേജുള്ള ആത്മഹത്യ കുറിപ്പിലെഴുതിയിരുന്നു.
ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഭീമനായിക് ഒളിവില്‍ പോയി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഇത് ബുധനാഴ്ച പരിഗണിക്കാനാരിക്കെയാണ് ഗുല്‍ബര്‍ഗയില്‍ വച്ച് ഭീമനായികിനേയും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഡ്രൈവര്‍ മുഹമ്മദിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗലൂരു ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷ്യല്‍ ഓഫീസറായ ഭീമനായികിന്റെയും ഡ്രൈവര്‍ മുഹമ്മദിന്റേയും ഭീഷണിയും സമ്മര്‍ദ്ദവും കാരണമാണ് രമേശ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.. ആത്മഹത്യ പ്രേരണക്കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കര്‍ണാടക സിബിസിഐഡിയ്‌ക്കാണ് നിലവില്‍ കേസ് അന്വേഷണചുമതല.
