ബാഗ്ദാദ്: ഐഎസ് കൈയടക്കിയിരുന്ന മൊസൂളിന് പടിഞ്ഞാറുള്ള തൽ അഫാർ നഗരം ഇറാക്കി സൈന്യം തിരികെപിടിച്ചു. ജൂലൈയിൽ മൊസൂളിന്‍റെ നിയന്ത്രണം ഐഎസിൽ നിന്ന് ഇറാക്ക് പിടിച്ചശേഷമുള്ള ഏറ്റവും വലിയ സൈനിക മുന്നേറ്റമാണിത്. യുഎസ് സൈന്യത്തിന്‍റെ സഹായത്തോടെയാണ് തൽ അഫാർ തിരിച്ചുപിടിക്കാൻ ഇറാക്ക് സൈന്യം നീക്കം നടത്തിയത്. 

12 ദിവസം നീണ്ട രൂക്ഷമായ പോരാട്ടത്തിനു ശേഷമാണ് തൽ അഫാർ പിടിച്ചെടുത്തതെന്ന് ഇറാക്ക് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പറഞ്ഞു. തൽ അഫാർ പിടിച്ചതോടെ നിനവ് പ്രവിശ്യ മുഴുവൻ സർക്കാർ നിയന്ത്രണത്തിലായെന്നും അദ്ദേഹം അവകാശപ്പെട്ടു. 

സുന്നി പ്രവിശ്യയായ നിനവേയിലെ ഷിയാ മേഖലയായ തൽ അഫാർ 2014 ജൂണിലാണ് ഐഎസ് ഭീകരർ പിടിച്ചത്. മൊസൂളിൽനിന്നു സിറിയയിലേക്കുള്ള പ്രധാന റോഡിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.